മലയാളത്തിലെ സൂപ്പർതാരം മോഹൻലാൽ കാറിൽ നിന്നും ഇറങ്ങി നടന്നുവരുന്ന രണ്ട് വീഡിയോകളാണ് അടുത്തിടെ വൈറലായി മാറിയത്. താരം തന്റെ കാറിൽ നിന്നും സ്ലോ മോഷനിൽ ഇറങ്ങി, മാസ് മ്യൂസിക്കിന്റെ അകമ്പടിയോടെ നടന്നുവരുന്ന വീഡിയോകളാണ് ആരാധകർ ആഘോഷമാക്കിയത്.
എന്നാൽ ഇപ്പോൾ ഇതേ മാതൃകയിലുള്ള മറ്റൊരു സൂപ്പർതാരത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. മലയാളത്തിന്റെ 'ലേഡി സൂപ്പർ സ്റ്റാർ' ആയ മഞ്ജുവാര്യരുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
സൺഗ്ലാസും കറുത്ത നിറത്തിലുള്ള ടീഷർട്ടും ആർമി പാറ്റേൺ ട്രൗസറും ധരിച്ചുകൊണ്ടുള്ള മഞ്ജുവിന്റെ വരവിനെ നിരവധി പേരാണ് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്.
താരത്തെ 'വെറുതെയല്ല ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കുന്നതെന്നാണ് തങ്ങളുടെ കമന്റുകളിലൂടെ പറയുന്നത്. മെഗാസ്റ്റാർ മമ്മൂട്ടിയും മഞ്ജുവാര്യരും ആദ്യമായി ഒന്നിക്കുന്ന 'ദ പ്രീസ്റ്റ്' ചിത്രത്തിന്റെ സെറ്റിൽ നിന്നുമാണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്.