donald-trump

ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപും ബൈഡനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. വിജയം തനിക്കൊപ്പമാണെന്ന് ട്രംപ് അവകാശമുന്നയിച്ചെങ്കിലും ജോ ബൈഡനാണ് തിരഞ്ഞെടുപ്പില്‍ മുന്നിട്ടുനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ട്രംപിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നാല്‍ 100 വര്‍ഷത്തിനിടെ ഭരണത്തുടര്‍ച്ച ലഭിക്കാത്ത അഞ്ച് പ്രസിഡന്റുമാരില്‍ ഒരാളായി ഡൊണാള്‍ഡ് ട്രംപ് മാറും. ഇതിന് പുറമേ മുപ്പത് വര്‍ഷത്തിനിടെ രണ്ടാംതവണ വൈറ്റ് ഹൌസില്‍ തുടരാന്‍ കഴിയാത്ത പ്രസിഡന്റായി ട്രംപ് മാറുകയും ചെയ്യും.


ജോര്‍ജ് എച്ച് ഡബ്ല്യൂ ബുഷ് ആയിരുന്നു അമേരിക്കയില്‍ ഏറ്റവും അവസാനം ഭരണത്തുടര്‍ച്ച ലഭിക്കാതെ അധികാരത്തില്‍ നിന്ന് താഴെയിറങ്ങുന്നത്. 1992ലായിരുന്നു ഇത്. ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്യൂ ബുഷ്, ബരാക്ക് ഒബാമ, എന്നിവര്‍ തുടര്‍ച്ചയായി എട്ട് വര്‍ഷത്തോളം അമേരിക്ക ഭരിച്ചിരുന്നു.


1992ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബില്‍ ക്ലിന്റണോട് മത്സരിച്ചാണ് ജോര്‍ജ് ഡബ്ല്യൂ ബുഷ് പരാജയപ്പെടുുന്നത്. ക്ലിന്റണ് 43 ശതമാനം പോപ്പുലര്‍ വോട്ടുകളും 370 ഇലക്ടറല്‍ കോളേജ് വോട്ടുകളുമാണ് അന്ന് ലഭിച്ചത്. അതേ സമയം ബുഷിന് 37.3 ശതമാനം പോപ്പുലര്‍ വോട്ടുകളും 168 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയായ ജിമ്മി കാര്‍ട്ടണാണ് ഭരണത്തുടര്‍ച്ച ലഭിക്കാതെ അധികാരത്തില്‍ നിന്ന് താഴെയിറങ്ങിയത്.

1980ലെ തിരഞ്ഞെടുപ്പിലായിരുന്നു ജിമ്മി കാര്‍ട്ടണ്‍ പരാജയപ്പെട്ടത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ റൊണാള്‍ഡ് റീഗനായിരുന്നു അന്ന് യു.എസ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്. ട്രംപ് അധികാരത്തിലെത്തുന്നത് വരെയും റീഗനായിരുന്നു അമേരിക്കയുടെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റ്.

1976ലെ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജെറാണ്‍ഡ് ഫോര്‍ഡിന് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് വര്‍ഷം മാത്രമാണ് ഇദ്ദേഹത്തിന് യു.എസ് പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ കഴിഞ്ഞത്. വാട്ടര്‍ഗേറ്റ് വിവാദത്തെ തുടര്‍ന്ന് അക്കാലത്തെ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞതോടെയാണ് ജെറാള്‍ഡ് യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയത്. ഇലക്ടറല്‍ വോട്ടുകളില്ലാതെയാണ് ജെറാള്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്.


1932ല്‍ ഹെര്‍ബര്‍ട്ട് ഹൂവര്‍ എന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയ്ക്കും നാല് വര്‍ഷം പ്രസിഡന്റ് പദവിയിലിരുന്ന ശേഷം അധികാരത്തില്‍ നിന്ന് താഴെയിറങ്ങേണ്ടിവന്നു. ഡെമോക്രാറ്റിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന ഫ്രാങ്ക്‌ളിന്‍ ഡി റൂസ് വെല്‍റ്റിനോടാണ് ഇദ്ദേഹം പരാജയപ്പെട്ടത്.