
ന്യൂഡൽഹി: ചെെനയുടെ ഏകപക്ഷീയമായ ആക്രമണങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. അഭിപ്രായ വ്യത്യാസങ്ങൾ സമാധാനപരമായി പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചെെനയുമായുള്ള സംഘർഷങ്ങൾ ഏഴാം മാസത്തിലേക്ക് കടക്കുന്നതിനിടെയാണ് രാജ്നാഥ് സിംഗിന്റെ പ്രതികരണം. സമാധാനം കൈവരിക്കുന്നതിന് യുദ്ധം തടയേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നും അതിർത്തികളിൽ സമാധാനം നിലനിറുത്തുന്നതിനായി രാജ്യം ഏർപ്പെടുത്തിയ വിവിധ കരാറുകളെയും പ്രോട്ടോക്കോളുകളെയും ബഹുമാനിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. വജ്ര ജൂബിലി ദിനത്തിൽ നാഷണൽ ഡിഫൻസ് കോളേജ് സംഘടിപ്പിച്ച വെർച്വൽ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാജ്നാഥ് സിംഗ്.
തീവ്രവാദത്തെ ഭരണകൂട നയമായി ഉപയോഗിക്കുന്നതിൽ അയൽരാജ്യം ഉറച്ചുനിൽക്കുകയാണെന്നും പാകിസ്ഥാനെ പരാമർശിച്ചു കൊണ്ട് രാജ്നാഥ് സിംഗ് പറഞ്ഞു. ഭീകരതയ്ക്ക് പിന്തുണ നൽകുന്ന പാകിസ്ഥാൻ ഒഴികെയുള്ള മറ്റു എല്ലാ അയൽ രാജ്യങ്ങളുമായും ഇന്ത്യ ബന്ധം മെച്ചപ്പെടുത്തിയെന്നും രാജ്നാഥ് സിംഗ് അവകാശപ്പെട്ടു.