kamalhassan

'ഉലഹനായകൻ' കമൽഹാസന് വീഡിയോയിലൂടെ ആദരവ് നൽകി യൗട്യൂബർ/എഡിറ്ററായ പ്രണവ് ശ്രീ പ്രസാദ്. തന്റെ യൂട്യൂബ് ചാനലായ 'ആർ.സി.എം പ്രോമോ ആൻഡ് റീമിക്സ്' എന്ന ചാനലിലൂടെ ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് പ്രണവ് തന്റെ വീഡിയോ പ്രിമിയർ ചെയ്തത്.

കമലിന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തെ 15 മിനിറ്റിനുള്ളിൽ വിവരിക്കുന്ന മാഷപ്പ് വീഡിയോ താരത്തിന്റെ 66ആം ജന്മദിനത്തിന് മുന്നോടിയായാണ് പുറത്തുവിട്ടിരിക്കുന്നത്. വീഡിയോ പുറത്തുവിടും മുമ്പ് ഇതേക്കുറിച്ചുള്ള ടീസറും പ്രണവ് തന്റെ ചാനലിലൂടെ അപ്ലോഡ് ചെയ്തിരുന്നു.

ആരാധകർ സ്നേഹത്തോടെ 'ആണ്ടവർ' എന്നുവിളിക്കുന്ന കമൽഹാസന്റെ മതേതര നിലപാടുകൾ, ഇടതുപക്ഷ, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം, നിരീശ്വരബോധം എന്നിവയെക്കുറിച്ചും വീഡിയോയിലൂടെ പറയുന്നുണ്ട്.

ഒപ്പം വിവിധ സങ്കേതങ്ങൾ കെയോസ് തിയറി, ബട്ടർഫ്‌ളൈ ഇഫക്റ്റ്, മൾട്ടി നരേറ്റീവ്‌ എന്നീ ആഖ്യാനരീതികൾ ഉപയോഗിച്ച് കഥ പറയുന്ന അദ്ദേഹത്തിന്റെ സംവിധാന ശൈലികളെക്കുറിച്ചും, സിനിമയ്ക്കായി വ്യത്യസ്ത സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്താനുള്ള കമലിന്റെ ത്വരയെ കുറിച്ചും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്. വരുന്ന ഏഴാം തീയതിയാണ് കമൽഹാസന്റെ ജന്മദിനം.