അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ ഡൽഹിക്കെതിരെ മുംബയ് ഇന്ത്യൻസിന് 57 റൺസ് വിജയം.ഇതോടെ മുംബയ് ഫെെനലിലേക്ക് കടന്നിരിക്കുകയാണ്. ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടിയിരുന്നു. ഇത് പിന്തുടർന്ന ഡൽഹി ക്യാപിടൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിന് പുറത്താവുകയായിരുന്നു. ആറാം തവണയാണ് മുംബയ് ഫെെനലിലെത്തുന്നത്.
അർദ്ധസെഞ്ച്വറി നേടി ഇഷാൻ കിഷൻ മാൻ ഒഫ് ദ മാച്ചായി. 30 പന്തിൽ കിഷൻ, നാലു ഫോറും മൂന്നു സിക്സും സഹിതം 55 റണ്‍സുമായി പുറത്താകാതെ നിന്നു. സൂര്യകുമാർ യാദവും അർദ്ധസെഞ്ച്വറി നേടി. 38 പന്തിൽ യാദവ് ആറു ഫോറും രണ്ടു സിക്സും സഹിതം 51 റൺസ് നേടി. ഡികോക്ക് 25 പന്തിൽ 40 റൺസും ഹാർദിക് പാണ്ഡ്യ 14 പന്തിൽ പുറത്താകാതെ 37 റൺസും നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
16ാം ഓവറിൽ ജസ്പ്രീത് ബുമ്ര തുടരെ രണ്ടു വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ഡൽഹിയുടെ പ്രതീക്ഷകൾ മങ്ങിയത്. നാല് ഓവർ ബൗളിംഗ് പൂർത്തിയാക്കിയ ബുമ്ര 14 റൺസ് മാത്രം വിട്ടുനൽകി നാലു വിക്കറ്റുകളാണ് നേടിയത്. പിന്നീട് തുടരെ വിക്കറ്റുകൾ വീണതോടെയാണ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 143 റൺസിൽ ഡൽഹി പുറത്തായത്.