പുറംവേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ നമുക്കിടയിൽ കുറവല്ല. പുറംവേദന അകറ്റാൻ കുറച്ച് വിദ്യകൾ നോക്കാം. തല,തോൾ,നടുവ് എന്നിവ നിവർത്തി ഒരേ രീതിയിൽ ഇരിക്കാനും നിൽക്കാനുമെല്ലാം ശ്രദ്ധിക്കുക. കൂനിയുള്ള നടപ്പും ഇരിപ്പുമെല്ലാം പുറംവേദനയ്ക്കിടയാക്കും. ജോലി ചെയ്യുന്ന സമയത്താണെങ്കിലും ലാപ്ടോപിലേക്ക് നിവർന്ന് നോക്കാനാകുന്ന വിധം ഇരിയ്ക്കുക. കഴുത്ത്,തോൾ, പുറം എന്നിവയ്ക്ക് പ്രധാന്യം നൽകുന്ന വ്യായാമങ്ങൾ ചെയ്യുക.
ശരീരത്തിലെ നിർജലീകരണം കഴുത്തിലേയും പുറത്തിലെയും മസിലുകൾക്ക് മുറുക്കമുണ്ടാക്കി പുറംവേദനയ്ക്ക് കാരണമാകുന്നതിനാൽ നന്നായി വെള്ളം കുടിയ്ക്കുക. മറ്റൊരു പ്രധാന കാര്യമാണ് ഉറങ്ങുന്ന പൊസിഷൻ. നിവർന്ന് കിടക്കുന്നതും ഉയരമുള്ള തലയിണ ഉപേക്ഷിക്കുന്നതും പുറംവേദന കുറയ്‌ക്കും. ഒപ്പം നല്ല ഉറക്കവും പ്രധാനമാണ്. ശരീരഭാരം നിയന്ത്രിക്കുക. പുറംവേദന ദീർഘനാൾ നീണ്ടുനില്‌ക്കുന്നു എങ്കിൽ വിദഗ്ധോപദേശത്തോടെ ചികിത്സ തേടണം.