maoist-

തിരുവനന്തപുരം: വയനാട്ടിലെ മാവോയിസ്റ്റ് വേട്ടയ്ക്കെതിരെ സി.പി.ഐ. ഏറ്റുമുട്ടലിന്റെ പേരില്‍ ഒരാളെ വെടിവച്ചു കൊന്ന നടപടി പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും സി.പി.ഐ വ്യക്തമാക്കി.മാവോയിസ്റ്റുകളുടെ പ്രവര്‍ത്തന രീതിയോട് പാര്‍ട്ടിക്ക് യോജിപ്പില്ല. എന്നാല്‍ അവരെ വെടിവച്ചു കൊല്ലുക എന്നതിനോടും യോജിക്കാന്‍ കഴിയില്ലെന്നും സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു.

തണ്ടര്‍ബോള്‍ട്ട് എന്ന പേരില്‍ കാടുകളില്‍ കയറി മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്ന രീതി പ്രതിഷേധാര്‍ഹമാണെന്നും കൊലപാതകങ്ങള്‍ ഉണ്ടാവുമ്പോള്‍ അടിയന്തരമായി ഏര്‍പ്പെടുത്തേണ്ട മജിസ്റ്റീരിയല്‍ അന്വേഷണം ഗൗരവത്തോടെ നടക്കുന്നതായി ബോധ്യപ്പെടുന്നില്ലെന്നും സി.പി.ഐ യോഗം വിലയിരുത്തി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ടുകൾ മാസങ്ങളും വര്‍ഷങ്ങളും കഴിഞ്ഞിട്ടും പുറത്തു വരാതിരിക്കുന്നതും ശരിയായ സമീപനമല്ലെന്നും സി.പി.ഐ യോഗത്തിൽ ചൂണ്ടിക്കാട്ടി.

"കേരളത്തില്‍ ജനജീവിതത്തെ മുള്‍മുനയില്‍ നിറുത്തുന്ന മാവോയിസ്റ്റ് ഭീഷണി ഇല്ലെന്ന് ഏവര്‍ക്കുമറിയാം. തണ്ടര്‍ബോള്‍ട്ടിന്റെ ആവശ്യകതയേ ഇല്ലാത്ത നമ്മുടെ കാടുകളില്‍ ഇത്തരമൊരു സേന തമ്പടിക്കുന്നതും കൊലപാതകങ്ങളുടെ പരമ്പര തീര്‍ക്കുന്നതും അംഗീകരിക്കാന്‍ കഴിയുന്നതല്ല." സി.പി.ഐ പ്രമേയത്തില്‍ പറയുന്നു.

മാവോയിസ്റ്റുകളെ കൊന്നൊടുക്കാനായി തണ്ടര്‍ബോള്‍ട്ട് എന്ന സേനയെ വിന്യസിക്കുന്നത് അങ്ങേയറ്റത്തെ അനീതിയും മനുഷ്യാവകാശ ലംഘനവുമാണ്.വയനാട്ടിലെ കൊലപാതകം സംബന്ധിച്ച് മജിസ്‌ട്രേറ്റുതല അന്വേഷണം അടിയന്തരമായി നടത്തുകയും സമയബന്ധിതമായി റിപ്പോര്‍ട്ട് വാങ്ങി നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.