vijay

അച്ഛന്റെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തന്റെ പേരോ ഫോട്ടോയോ 'വിജയ്‌ മക്കള്‍ ഇയക്കം' എന്ന പേരോ ഉപയോഗിക്കാന്‍ പാടില്ലെന്ന് അറിയിച്ച് തമിഴ് നടൻ വിജയ്.അച്ഛന്‍ തുടങ്ങിയ പാര്‍ട്ടി എന്ന കാരണത്താല്‍ തന്റെ ആരാധകര്‍ ആരും തന്നെ പാര്‍ട്ടിയില്‍ ചേരരുതെന്നും താരം അഭ്യര്‍ത്ഥിച്ചു.

‘അച്ഛന്‍ എസ്.എ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി തുടങ്ങിയതായി ഇന്ന് മാദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കി. എനിക്ക് അതുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ല എന്ന് എന്റെ ആരാധകരോടും പൊതുജനത്തിനോടും ഖേദപൂര്‍വ്വം അറിയിക്കുന്നു,’ വിജയ്‌ പത്രക്കുറിപ്പില്‍ പറഞ്ഞു.

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് തമിഴകത്തെ സൂപ്പര്‍ സ്റ്റാറുകളില്‍ ഒരാളായ വിജയ്‌.‘ദളപതി’ എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന വിജയ്‌യുടെ രാഷ്ട്രീയപ്രവേശനം ഏറെക്കാലമായി ഏവരും ഉറ്റുനോക്കുന്ന ഒന്നാണ്. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ ഒരു ഫാന്‍സ്‌ സംഘടന റജിസ്റ്റർ ചെയ്യാൻ വിജയുടെ ലീഗല്‍ പ്രതിനിധികള്‍ നേരത്തെ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. വിജയുടെ അച്ഛനും സംവിധായകനുമായ എസ്.എ.ചന്ദ്രശേഖറിനെ സംഘടനയുടെ ജനറൽ സെക്രട്ടറിയായും അമ്മ ശോഭയെ ട്രഷററായും അപേക്ഷയിൽ ചേർത്തിട്ടുള്ളതായുമുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. നിലവിൽ വിജയ്‌ ഫാൻസ് അസോസിയേഷനുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതു അച്ഛന്‍ ചന്ദ്രശേഖറാണ്. നിരവധി രാഷ്ട്രീയ വിവാദങ്ങൾ ഉയർത്തിയ ചിത്രങ്ങളിൽ വിജയ് അഭിനയിച്ചിരുന്നു. ഇത് നടന്റെ രാഷ്ട്രീയ നിലപാടുകളെ പറ്റിയുള്ള ചർച്ചകൾക്ക് വഴിവച്ചിരുന്നു.