മുംബയ്: തനിക്കെതിരെയുള്ള ആത്മഹത്യാ പ്രേരണ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് റിപ്പ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി നൽകിയ ഹർജി ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കണം എന്ന അർണബിന്റെ ഹർജിയിൽ ഇന്ന് ഉത്തരവിറക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
മജിസ്‌ട്രേറ്റിന്റെ ഉത്തരവില്ലാതെ പൊലീസ് വീണ്ടും ഈ കേസ് അന്വേഷിക്കാൻ തുടങ്ങിയത് നിയമവിരുദ്ധമെന്നാണ് അർണബിന്റെ അഭിഭാഷകർ വാദിച്ചത്. മഹാരാഷ്ട്ര സർക്കാരിന്റെയും,ആത്മഹത്യ ചെയ്ത ഇന്റീരിയർ ഡിസൈനർ അൻവയ് നായിക്കിന്റെ കുടുംബത്തെിന്റെയും വാദം കോടതി ഇന്ന് കേൾക്കും. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള അർണബ് ഗോസ്വാമിയെ അലിബാഗ് ജയിലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്.
നവംബർ നാലിന് രാവിലെ അർണബിന്റെ വീട്ടിലെത്തിയ പൊലീസ് ബലം പ്രയോഗിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസ് തന്നെയും കുടുംബത്തെയും മർദ്ദിച്ചതായും അർണബ് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്ത ആൻവി നായിക്കിന്റെ ഭാര്യ വീണ്ടും നൽകിയ പരാതിയെ തുടർന്നായിരുന്നു മുംബയ് പൊലീസിന്റെ നടപടി.
2018 ലാണ് ആൻവയ് നായിക്കിനെ അമ്മയ്ക്കൊപ്പം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുന്നത്. റിപ്പബ്ലിക് ടി.വി സ്റ്റുഡിയോയുടെ അകത്തളങ്ങൾ ഒരുക്കിയതിന്റെ പ്രതിഫലമായ 5.40 കോടി രൂപ അർണബ് ഗോസ്വാമി നൽകാത്തതിനാലാണ് താനും അമ്മയും ജീവിതം അവസാനിപ്പിക്കുന്നതെന്ന് നായിക്ക് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.