sc

ന്യൂഡൽഹി: ലാവലിൻ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.

കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് രണ്ടാംതവണയാണ് സിബിഐ അപേക്ഷ നൽകുന്നത്. ചില രേഖകൾ കോടതിയിൽ സമർപ്പിക്കാൻ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം. കേസ് മാറ്റിവച്ചേക്കുമെന്നാണ് സൂചന. രണ്ട് കോടതികൾ ഒരേ തീരുമാനം എടുത്ത കേസിൽ സിബിഐ ഹർജിയുമായി വരുമ്പോൾ ശക്തമായ വാദങ്ങൾ ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്റ്റിസ് യു യു ലളിത് പരാമർശം നടത്തിയിരുന്നു.

അതോടൊപ്പം സിബിഐയുടെ വാദങ്ങൾ ഒരു കുറിപ്പായി സമർപ്പിക്കാനും കോടതി അന്ന് നിർദേശം നൽകിയിരുന്നു. കോടതിയുടെ നിർദേശാനുസരണം സിബിഐ കുറിപ്പ് നൽകിയിരുന്നു. എന്നാൽ അതിനൊപ്പം ആവശ്യമായ രേഖകൾ നൽകിയിട്ടില്ല. അതിന് സമയം വേണമെന്നാണ് സിബിഐയുടെ അപേക്ഷ.