bineesh-kodiyeri

ബംഗളൂരു: മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് സംസ്ഥാനത്ത് നടത്തുന്ന പരിശോധന ഇന്നും തുടർന്നേക്കും. രണ്ട് ദിവസമായി ഏഴിടത്ത് പരിശോധന നടത്തിയ സംഘങ്ങളെല്ലാം തിരികെ പോയെങ്കിലും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ മറ്റൊരു സംഘം തിരുവനന്തപുരത്ത് തുടരുകയാണ്. ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സുഹൃത്തുക്കളുടെ വീടുകളിലും റെയ്‌ഡ് തുടർന്നേക്കുമെന്നാണ് വിവരം.

ബിനീഷിന്റെ സുഹൃത്ത് അൽ ജാസം അബ്‌ദുൽ ജാഫറിന്റെ നെടുമങ്ങാടുളള ബാങ്ക് ലോക്കർ കേന്ദ്രീകരിച്ചുളള പരിശോധന ഇന്നലെ രാത്രിവരെ നീണ്ടു. ലോക്കറിൽ നിന്ന് രേഖകളും പ്രമാണങ്ങളും എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ കണ്ടെടുത്ത തെളിവുകൾ വിലയിരുത്തിയ ശേഷമാകും തുടർ നടപടികൾ. ബിനീഷിന്റെ വീട്ടിലെ പരിശോധനക്കിടെ കുട്ടി ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ബാലാവകാശ കമ്മിഷൻ എടുത്ത കേസിൽ തുടർനടപടികളുണ്ടാകുമെന്നാണ് സൂചന.

തിരുവനന്തപുരത്തെ കാർ പാലസ് ഉടമയും ബിനീഷ് കോടിയേരിയുടെ ബിനാമി ഇടപാടുകാരനെന്ന് എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നയാളുമായ അ‌ബ്‌ദുൽ ലത്തീഫ് ബംഗളൂരിൽ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായേക്കും. മാതാവിന് കൊവിഡ് ബാധിച്ചതിനാൽ നിരീക്ഷണത്തിൽ ആണെന്നും രണ്ടാം തീയതിക്ക്‌ ശേഷം ഹാജരാകാം എന്നുമാണ് ഇയാൾ അറിയിച്ചിരുന്നത്. ഹാജരായാൽ ബിനീഷിന് ഒപ്പം ഇരുത്തി അബ്‌ദുൽ ലത്തീഫിനെ ചോദ്യം ചെയ്‌തേക്കും.