തിരുവനന്തപുരം : കേരളത്തെ സംബന്ധിച്ചിടത്തോളം അത്ര പരിചിതമല്ല ഇഡിയുടെ ഇടപെടൽ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ചുരുക്കം കേസുകൾ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നതാണ് കാരണം. നിയമപരമായി വളരെയധികം പവർഫുള്ളായ അന്വേഷണ ഏജൻസിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്നതരത്തിലുള്ള പ്രവർത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജൻസിക്ക് ആവോളം അധികാരങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ അജ്ഞതകാരണമോ, എടുത്തുചാട്ടം കൊണ്ടോ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അവരുടെ പ്രവർത്തിയിൽ വിഘാതം സൃഷ്ടിക്കുവാനാണ് സംസ്ഥാനത്തെ പൊലീസുൾപ്പടെ ശ്രമിച്ചത്. ഈ സംഭവത്തെ നിയമമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ വിലയിരുത്തുന്നത് ഇപ്രകാരമാണ്.
ബാലാവകാശ കമ്മിഷന്റെ നടപടി അപക്വം
ബംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടാൻ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധർ. ഈ ശ്രമം കേസിൽ ബിനീഷിന് തിരിച്ചടിയാവാനും സാധ്യത. ഇന്ത്യൻ മണിലോണ്ടറിംഗ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുക.സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആർക്കും ഇടപെടാനാവില്ല.
കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ,അമ്മയുടെ സാമിപ്യമോ നിഷേധിച്ചുവെന്ന് പരാതിപ്പെടാൻ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളു. പരാതി നൽകേണ്ടത് ഇ.ഡിക്കാണ്. മറ്റാരെങ്കിലും നൽകിയ പരാതിയുമായി ബാലാവകാശ കമ്മിഷൻ എത്തിയാൽ അത് നിയമപരമായി തെറ്റാണ്.
ഇ.ഡി ഉദ്യോഗസ്ഥർ അസി.ഡയറക്ടർക്ക് നൽകുന്ന 17എ ഓൺ ആക്ഷൻ റിപ്പോർട്ടിൽ ഇത് പരാമർശിച്ചാൽ സെർച്ചിനെ തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷൻ വിചാരണ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
ഇഡിയെ തൊടാൻ ലോക്കൽ പൊലീസോ ?
ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ലോക്കൽ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകൻ അജകുമാർ അഭിപ്രായപ്പെട്ടു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആർക്കും പുറത്തേക്ക് പോകാനാവില്ല.
സെർച്ച് നടത്തുമ്പോൾ നടപടികൾ പാലിച്ചിട്ടുണ്ടെങ്കിൽ എൻഫോഴ്സ്മെന്റിനെ ഒന്നും ചെയ്യാൻ പൊലീസിനോ മറ്റാർക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധൻ ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞു. മനുഷ്യാവകാശം ലംഘിക്കാൻ എൻഫോഴ്സ്മെന്റിന് അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വീട്ടുകാരുടെ നിസഹരണം എതിരാകുന്നത് ബിനീഷിന്
വീട്ടിൽ നിന്ന് കണ്ടെടുത്ത പർസ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാർഡുണ്ടെന്ന് പറഞ്ഞ് ഫോറം 2ൽ വീട്ടുകാർ ഒപ്പിടാതിരുന്നാൽ അത് നിയമനടപടികളെ ബാധിക്കില്ലെന്ന് മാത്രമല്ല പ്രതിക്ക് എതിരായി തീരുകയും ചെയ്യും. വസ്തുക്കൾ വീട്ടുകാരുടെ സാന്നിധ്യത്തിൽ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാർ ഒപ്പിട്ടില്ലെങ്കിൽ ഇ.ഡി. ടീമിലില്ലാത്ത ഒന്നോ രണ്ടോ പേർ ഒപ്പിട്ടാൽ മതി. കണ്ടെടുത്തത് വീട്ടിൽ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ് അഡ്വ.അജകുമാർ പറഞ്ഞു.
വീട്ടിലെ സംഭവങ്ങൾ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിൻ വിൽഫ്രഡും പറഞ്ഞു. സാധനങ്ങളുടെ പട്ടിക ഒപ്പിടാതിരുന്നാൽ എതിർവിശദീകരണം വിചാരണവേളയിൽ നൽകാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാൽ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാൻ ബാലാവകാശ കമ്മിഷനും പൊലീസിനും കഴിയില്ല.