ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഹിന്ദുവോട്ടുകൾ ഏകീകരിക്കാൻ ലക്ഷ്യമിട്ട് മുരുകനെ ഉയർത്തികാട്ടി ബി ജെ പി നടത്തുന്ന വെട്രിവേൽ യാത്ര തുടങ്ങി. സംസ്ഥാന സർക്കാരിന്റെ എതിർപ്പ് മറികടന്നാണ് വെട്രിവേൽ യാത്ര ആരംഭിച്ചിരിക്കുന്നത്. യാത്രയെ ആർക്കും തടയാനാകില്ലെന്ന് ബി ജെ പി നേതാക്കൾ പറഞ്ഞു. സർക്കാരിന്റെ അനുവാദമില്ലെങ്കിലും ഭഗവാൻ മുരുകൻ തങ്ങൾക്ക് അനുവാദം നൽകിയെന്നാണ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ എൽ മുരുകൻ പറയുന്നത്. ഇന്ന് ആരംഭിച്ച യാത്ര ഡിസംബർ ആറിന് തിരുചെന്തൂരിലാണ് അവസാനിക്കുന്നത്.
പഴനി, സ്വാമി മല, പഴമുതിർചോലൈ തുടങ്ങി ആറ് പ്രധാന മുരുക ക്ഷേത്രങ്ങളിലൂടെ സഞ്ചരിക്കുന്ന വെട്രിവേൽ യാത്ര രഥയാത്ര മാതൃകയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. യാത്ര പൊതുജനങ്ങൾക്ക് ഭീഷണിയാണെന്നും ക്രമസമാധാന പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുമെന്നും പ്രതിപക്ഷ കക്ഷികളടക്കം അഭിപ്രായപ്പെടുന്നു. ബാബറി മസ്ജിദ് തകർത്ത ദിനമായ ഡിസംബർ ആറിന് യാത്ര അവസാനിപ്പിക്കാൻ നിശ്ചയിച്ചത് സാമുദായിക പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നതിന് വേണ്ടിയാണെന്നാണ് യാത്രയെ എതിർക്കുന്നവർ പറയുന്നത്.
എന്തുകൊണ്ട് മുരുകൻ?
ദൈവത്തേയും തമിഴ് ജനതയുടെ അഭിമാനത്തേയും സംരക്ഷിക്കാൻ വേണ്ടിയുളള യാത്രയാണ് ഇതെന്നാണ് ബി ജെ പി നേതാക്കൾ പറയുന്നത്. മുരുകനെ അവഹേളിക്കാൻ ചിലർ ശ്രമിക്കുന്നു. അത് തുറന്നുകാട്ടുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നേതാക്കൾ പറയുന്നു. കറുപ്പോർ കൂട്ടം എന്ന ഒരു കൂട്ടായ്‌മ തമിഴ്‌നാട്ടിലുണ്ട്. അവരുടെ യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോ കഴിഞ്ഞ ജൂലായ് മാസം വിവാദത്തിലായിരുന്നു. മുരുകനെ സ്‌തുതിക്കുന്ന സ്‌കന്ദ ഷഷ്‌ഠി കവചം എന്ന കൃതിയെ കളിയാക്കി കറുപ്പോർ കൂട്ടം ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. ഈ വീഡിയോ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് അന്നു തന്നെ ബി ജെ പിയും മറ്റ് സംഘപരിവാർ പ്രസ്ഥാനങ്ങളും രംഗത്തെത്തിയിരുന്നു.
ബി ജെ പി നൽകിയ പരാതിയിൽ കറുപ്പോർ കൂട്ടം കൂട്ടായ്‌മയിലുളളവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഡി എം കെയുമായി ബന്ധമുളള കറുപ്പോർ കൂട്ടം മുരുകനെയും അതുവഴി ഹിന്ദു സമൂഹത്തേയും മോശമായി ചിത്രീകരിച്ചു എന്ന് ബി ജെ പി. പ്രചാരണം ആരംഭിച്ചു. എന്നാൽ കറുപ്പോർ കൂട്ടവുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ഡി എം കെ പ്രസ്‌താവനയിറക്കി.
വിഷയം തുടർന്നും സജീവമായി ഏറ്റെടുത്ത ബി ജെ പി കറുപ്പോർ കൂട്ടം ഹിന്ദു വിരുദ്ധരാണ് എന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിലും പുറത്തും പ്രചാരണം ശക്തമാക്കി. ബി ജെ പി നേതാക്കളുടെ പല പരിപാടികളിലും മുരുകന്റെ ആയുധമായ വേൽ പിന്നീട് പ്രത്യക്ഷപ്പെട്ട് തുടങ്ങി. തുടർന്നാണ് ഇപ്പോൾ മുരുകനെ സംരക്ഷിക്കാനെന്ന മുദ്രാവാക്യം ഉയർത്തി ബി ജെ പി തമിഴ്‌നാടിന്റെ വടക്ക് നിന്ന് തെക്ക് വരെ യാത്ര നടത്തുന്നത്.
യാത്ര ഇപ്പടിതാൻ
മുരുകന്റെ ആയുധമായ വേൽ ആണ് വെട്രിവേൽ യാത്രയുടെ ചിഹ്നം. വേലിൽ നിന്ന് താമര വിരിഞ്ഞ് വരുന്നത് കാണിച്ചു കൊണ്ടാണ് വേൽയാത്രയുടെ പ്രചാരണ വീഡിയോ തുടങ്ങുന്നത്. തമിഴ്നാട്ടിലെ ഹിന്ദുക്കളുടെ പ്രധാന ദൈവസങ്കൽപ്പമായ മുരുകന്റെ വേലുമേന്തി മുരുകനെന്ന് പേരുളള ബി ജെ പി. നേതാവും അനുയായികളും മുരുകനെ സംരക്ഷിക്കാൻ നടത്തുന്ന യാത്ര എന്നാണ് ബി ജെ പി നേതാക്കൾ ഈ യാത്രയെ അടയാളപ്പെടുത്തുന്നത്.
ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും ബി ജെ പിയുടെ മുഖ്യമന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും പ്രമുഖ നേതാക്കളേയും യാത്രയുടെ പലഘട്ടങ്ങളിലായി പങ്കെടുപ്പിക്കാൻ തീരുമാനമുണ്ട്. ഏഴ് മുരുക ക്ഷേത്രങ്ങൾക്ക് സമീപം വലിയ ആൾക്കൂട്ടത്തെ പങ്കെടുപ്പിച്ച് പൊതുയോഗത്തിനും ആലോചനയുണ്ട്.