തൊട്ടാൽ ചൂളുന്ന തൊട്ടാലൊട്ടി, അഥവാ തൊട്ടാവാടി. ഇപ്പോൾ തൊട്ടാലൊട്ടിയെക്കുറിച്ച് പറയുന്നതെന്തിനെന്ന് തോന്നും. കാര്യമുണ്ട്.
നാടിനെയാകെ പ്രതിസന്ധിയിലാക്കിയ മഹാമാരിയാണ് കൊവിഡ്. ഈ മഹാമാരിക്കു മുന്നിൽ നാം തളർന്ന് ചൂളരുത്. സധൈര്യം നേരിടണം. പക്ഷേ, കരുതലോടെ വേണമെന്നു മാത്രം. തളർന്നു ചുരുണ്ട് വീണുപോകാതെ തൊട്ടാവാടിയെപ്പോലെ ജീവിക്കാൻ ശീലിക്കുക.
തൊട്ടാവാടിയുടെ ഇല, തണ്ടിനോട് ചേരുന്ന ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കും. ഈ പ്രക്രിയ പ്രതിരോധശേഷി സമാഹരിക്കൽ ആണ്. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏത് വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. ഈ ചുരുളൽ വളരെ പെട്ടന്ന് പൂർണമാകും. പിന്നീട് അരമണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണാവസ്ഥയിലാകൂ. തൊട്ടാവാടിയുടെ ഇമ്മ്യൂണിറ്റി ബിൽഡിങ്ങും റിഫ്‌ളെക്‌സ് ആക്ഷൻ രീതിയിൽ ബാഹ്യവസ്തുക്കളോട് വേഗത്തിലുള്ള പ്രതികരണശൈലിയും കൊവിഡ് കാലത്ത് പ്രകൃതി നൽകുന്ന ഗുണപാഠങ്ങളാണ്.
അതുപോലെ നാം കൊവിഡിനെ പ്രതിരോധിക്കണം. അതിനുള്ള മാർഗങ്ങൾ ആരോഗ്യവിദഗ്ധരും സർക്കാരും ഒരുപാടു തവണ പറഞ്ഞു കഴിഞ്ഞു. മാസ്‌ക് ധരിക്കുക, ഹാൻഡ് വാഷ്, ഹാൻഡ് സാനിറ്റൈസർ എന്നിവ ഉപയോഗിക്കുക, അകലം പാലിക്കുക.
പക്ഷേ, നമ്മളിൽ എത്രപേർ ഇതെല്ലാം അനുസരിക്കുന്നുണ്ടെന്ന് ചിന്തിക്കണം. ആദ്യമൊക്കെ കൊവിഡിനെ അല്‌പം ഭയത്തോടെ കണ്ടിരുന്നവരൊക്കെ ഇപ്പോൾ ഇതൊന്നും സാരമില്ലെന്ന ചിന്തയിലേക്ക് മാറിയിരിക്കുന്നു. പലരും മാസ്‌ക് വയ്ക്കുന്നത് താടിക്ക് താഴെ. ചിലർ മൂക്ക് ഒഴിവാക്കി വായ മാത്രം മൂടിക്കൊണ്ട്. ചിലരാകട്ടെ പോലീസിനെ വഴിയിൽ കണ്ടാൽ ഉടൻ മാസ്‌ക് വലിച്ചിടും. ചീട്ട് കളിക്കുമ്പോൾ ചെവിയിൽ കുണുക്കിടുന്നതു പോലെ ചിലർ മാസ്‌ക് ചെവിയിൽ കുണുക്കിട്ട് നടക്കുന്നതും കാണാം.
കൊൽക്കത്ത ഹൈക്കോടതിയിൽ
ഞാനിപ്പോൾ കൊൽക്കത്ത ഹൈക്കോടതിയിലാണ്. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് കോടതിയിലെത്താറുള്ളത്. പക്ഷേ അവിടെയും ചിലപ്പോഴെങ്കിലും മേൽപ്പറഞ്ഞ വിഭാഗക്കാരെ കാണാം. മാസ്‌ക് നേരേയിട്ട ശേഷം കോടതി നടപടികൾ ആരംഭിക്കാമെന്ന് ചിരിച്ചുകൊണ്ട് പറയും. ന്യായാധിപൻ പറയുന്നതുകൊണ്ടാകാം എല്ലാവരും ഉടൻ അനുസരിക്കും. ഇങ്ങനെ ആരെങ്കിലും പറഞ്ഞ് ചെയ്യേണ്ട കാര്യമാണോ ഇതെന്ന് ഏവരും ചിന്തിക്കണം. സമൂഹത്തെ മാത്രമല്ല, നമ്മുടെ വീട്ടിലുള്ളവർ, പ്രായം ചെന്ന മാതാപിതാക്കൾ തുടങ്ങി എല്ലാവരെയും ചെറിയ ഒരു തെറ്റു കൊണ്ട് നാം അപകടത്തിലാക്കുകയാണ്.
പലപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട്, ടിവി ചാനലുകളിൽ ചർച്ചയ്ക്കും മറ്റും വന്നിരിക്കുന്ന പ്രമുഖ വ്യക്തികൾ പോലും മാസ്‌ക് ധരിക്കാതെ ഇരിക്കുന്നത്. അവർ അവിടെ ഒറ്റയ്ക്കിരിക്കുന്നതാവാം. എന്നാൽ അതിലൂടെ തെറ്റായ ഒരു സന്ദേശമാണ് അവർ സമൂഹത്തിന് നൽകുന്നത്. സമൂഹത്തിന് മാതൃകയാകേണ്ടവർ തന്നെ തെറ്റ് ചെയ്യുമ്പോൾ സാധാരണക്കാരെ കുറ്റം പറയാനാകുമോ.
ഇടയ്ക്കിടെ മുഖത്തും മൂക്കിലുമൊക്കെ തൊടുന്ന സ്വഭാവമുള്ളവർ നിരവധിയാണ്. മാസ്‌ക് വച്ചാലും സ്വഭാവം മാറില്ലല്ലോ. മൂക്കിൽ തൊടാൻ അറിയാതെ കൈ പോകും. മുഖത്ത് വച്ചിരിക്കുന്ന മാസ്‌ക്കിൽ തൊടും. പിന്നെ ആ കൈ കൊണ്ട് പലയിടത്ത് പിടിക്കും. ചിലപ്പോൾ മാസ്‌ക് മാറ്റി മൂക്കിൽ ഒന്ന് തൊട്ടെന്നുമിരിക്കും. പഴയ ഓർമയിൽ ഷേക്ക് ഹാൻഡ് നൽകി ആളെ സ്വീകരിക്കുന്ന രീതിയും ചങ്ങാതികളെ തൊട്ടു സംസാരിക്കുന്നതും തത്‌കാലം ഒഴിവാക്കാം. കൈ ശുചിത്വം നമ്മൾ ഈ അവസ്ഥയിൽ മറന്നുകൂടാ.
സാനിറ്റൈസർ ഇപ്പോൾ എന്നെ സംബന്ധിച്ച് 'ചരണാമൃതാണ് '. ക്ഷേത്രങ്ങളിൽ നിന്ന് നമുക്ക് നൽകുന്ന തീർത്ഥത്തിന് ബംഗാളിയിൽ പറയുന്ന പേരാണ് 'ചരണാമൃത് '. ഇപ്പോൾ കോടതിയിലെത്തുമ്പോൾ ലിഫ്റ്റിനടുത്ത് ശരീരോഷ്മാവ് പരിശോധിക്കാനും സാനിറ്റൈസർ ഒഴിച്ചുതരാനും ഡോക്‌ടറുണ്ട്. ക്ഷേത്രത്തിലെ പുരോഹിതനു മുന്നിൽ ചരണാമൃത് വാങ്ങാൻ നിൽക്കുന്ന ഭക്തനെപ്പോലെ ജഡ്‌ജിമാർ ഉൾപ്പെടെയുള്ളവർ സാനിറ്റൈസറിനായി ഇരുകൈയും നീട്ടി നിൽക്കും. 'ചരണാമൃതിനു നന്ദി' എന്ന് ഞാൻ ഡോക്ടറോടു പറയാറുമുണ്ട്. കൊൽക്കത്ത നിരവധി വലിയ ക്ഷേത്രങ്ങളുള്ള നഗരമാണ്. കൊവിഡ് കാലമായതിനാൽ അവിടെയുള്ള ജഡ്‌ജിമാർക്കും ക്ഷേത്രങ്ങളിൽ പോകാൻ കഴിയുന്നില്ല. കോടതിയിൽ നിന്ന് ചരണാമൃത് കിട്ടുന്നുണ്ടല്ലോ, ഇപ്പോൾ ഈ കർമ്മക്ഷേത്രം മാത്രമേയുള്ളൂ എന്ന് ഞാൻ അവരോടു പറയാറുണ്ട്.
അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം നമുക്ക് പുറത്തിറങ്ങാം. കടകളിൽ തിക്കിത്തിരക്കേണ്ട കാര്യമില്ല. എല്ലായിടത്തും ഇടിച്ചുകയറി കാര്യം സാധിക്കേണ്ട കാലമല്ല ഇത്. നമുക്ക് അകലം പാലിച്ച് ക്യൂ നിൽക്കാം. മുതിർന്നവരുടെയും കുട്ടികളുടെയും കാര്യത്തിൽ കൂടുതൽ ജാഗ്രത പുലർത്താം.
കൊവിഡിൽനിന്ന് ഒഴിഞ്ഞുനിൽക്കാം. കൊവിഡിനെ ഒഴിഞ്ഞു പോകാൻ അനുവദിക്കാം!
(കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ലേഖകൻ)