കാലിഫോർണിയ: സമൂഹമാദ്ധ്യമ ആപ്പായ വാട്സാപ്പ് വഴി പണം അയക്കാനുളള സംവിധാനം ഇനിമുതൽ ഇന്ത്യയിലും. ഇത് സംബന്ധിച്ച് അറിയിപ്പ് വാട്‌സാപ്പ് ഇന്ന് പുറപ്പെടുവിച്ചിട്ടുണ്ട്. പണം അയക്കുന്നതിന് പ്രത്യേകം ഫീസൊന്നും നൽകേണ്ടതില്ലെന്ന് വാട്സാപ്പ് ഉടമയും ഫേസ്‌ബുക്ക് സി.ഇ.ഒയുമായ മാർക്ക് സുക്കർബർഗ് അറിയിച്ചു. നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ(എൻപിസിഐ)യിൽ നിന്നും അംഗീകാരം ലഭിച്ചതോടെയാണ് വാട്‌സാപ്പ് പേ സംവിധാനം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ പോകുന്നത്. 140ഓളം ബാങ്കുകളുമായി സഹകരണം ആപ്പിനുണ്ടെന്ന് സുക്കർബർഗ് പ്രത്യേക വീഡിയോ പ്രസ്‌താവനയിൽ പറഞ്ഞു.
'ഒരു വാട്‌സാപ്പ് സന്ദേശം അയക്കുന്നത്ര എളുപ്പത്തിൽ നിങ്ങൾക്ക് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും പണമയക്കാം. ഫീസൊന്നുമില്ല. 140 ഓളം ബാങ്കുകളുടെ സഹകരണം വാട്സാപ്പ് പേക്കുണ്ട്. തീർത്തും സുരക്ഷിതവും സ്വകാര്യവുമാണിത്.' സുക്കർബർഗ് പറഞ്ഞു. ഡെബിറ്റ് കാർഡും ബാങ്കുമായി ബന്ധപ്പെട്ട യുപിഐയുമുണ്ടെങ്കിൽ വാട്‌സ്ആപ്പ് പേ ഉപയോഗിക്കാം.ലളിതമായ രീതിയിൽ പണം കൈമാറ്റം നടത്തുന്നതിലൂടെ ജനജീവിതം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും സുക്കർബർഗ് പ്രത്യാശ പ്രകടിപ്പിച്ചു. ആദ്യഘട്ടത്തിൽ രാജ്യത്തെ 2 കോടിയോളം ഉപഭോക്താക്കളെ ഇത്തരത്തിൽ വാട്‌സാപ്പ് പേയിൽ ചേർക്കാൻ കമ്പനിക്ക് കഴിയുമെന്നാണ് വിവരം.