drugs-

കൊച്ചി : ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് ഇഡി കണ്ടെത്തിയ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന് മലയാള സിനിമയിലെ യുവതാരങ്ങളുമായി അടുത്ത ബന്ധം. മലയാളി യുവതാരങ്ങൾക്ക് മയക്കുമരുന്ന് റാക്കറ്റുമായുള്ള ബന്ധത്തിന് കൂടുതൽ തെളിവുകൾ ഇഡിക്ക് ലഭിച്ചതായാണ് സൂചന. ഈ വർഷത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റ് സിനിമയിൽ അഭിനയിച്ച യുവനടനുമായി അനൂപിന് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇരുവരും തമ്മിൽ മൊബൈലിൽ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകൾ അന്വേഷണ ഏജൻസി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തെ സ്വർണകള്ളക്കടത്ത് ഇടപാടുകാരുമായും അനൂപ് ബന്ധപ്പെട്ടിരുന്നതായും റിപ്പോർട്ടുകളുണ്ട്. സംസ്ഥാനത്ത് അടുത്തിടെ കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്ന എല്ലാ കേസുകളിലെയും പ്രതികൾക്ക് തമ്മിൽ അടുത്ത ബന്ധമാണ് ഉള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അടുത്തിടെ ബോളിവുഡിലടക്കം സിനിമാതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കന്നട സിനിമാലോകത്തിലെ ചില യുവതാരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട അന്വേഷണമാണ് അനൂപ് മുഹമ്മദിലേക്ക് അന്വേഷണമെത്താൻ സഹായിച്ചത്. ഇയാൾ ബംഗളൂരുവിൽ ആരംഭിച്ച ഹോട്ടലായിരുന്നു ഇത്തരം ഇടപാടുകൾക്ക് മറയായി പ്രവർത്തിച്ചത്. അനൂപിന്റെ മയക്കുമരുന്ന് ഇടപാടുകളിലുള്ള സാമ്പത്തിക സ്രോതസിനെ കുറിച്ചുള്ള അന്വേഷണമാണ് ബിനീഷ് കോടിയേരിയിലെത്തിയത്. മലയാള സിനിമാ മേഖലയുമായി ബിനീഷ് കോടിയേരിക്കും അടുത്ത ബന്ധമാണുണ്ടായിരുന്നത്.