കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻ ഐ എയ്‌ക്ക് ലഭിച്ച ഡിജിറ്റൽ തെളിവുകളിലെ ചിത്രങ്ങൾ പുറത്ത്. സ്വപ്‌നയുടെ ഫോണിൽ നിന്നുളള ചിത്രങ്ങളാണ് പുറത്തായത്. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികൾ ഒരുമിച്ചിരുന്ന് മദ്യപിക്കുന്ന ചിത്രങ്ങളും വീഡിയോകളുമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പന്ത്രണ്ട് പേരുളള സദസിൽ സ്വർണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സന്ദീപും സരിത്തുമുണ്ട്.
പുറത്തായ ചിത്രത്തിൽ കൈയിൽ മദ്യവുമായി സ്വപ്‌ന നിലത്തിരിക്കുകയാണ്. സന്ദീപ് നായർ വിജയ ചിഹ്നം കാണിക്കുന്ന ചിത്രം ഏതോ ഇടപാടിൽ പങ്കാളിയായ ശേഷം ലാഭം പങ്കിട്ടുളള ആഘോഷമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്വപ്‌നയ്‌ക്കൊപ്പം രണ്ട് പെൺകുട്ടികളും ചിത്രത്തിലുണ്ട്.
സ്വപ്‌നയുടെ ഫോണിൽ നിന്നും ലാപ്‌ടോപ്പിൽ നിന്നുമായി നിരവധി ഡിജിറ്റൽ തെളിവുകളാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ചിരിക്കുന്നതെന്നാണ് വിവരം. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഫോറൻസിക് പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണ്.
സ്വപ്‌നയുടെ പുതിയ വീടിന്റെ കല്ലിടൽ ചടങ്ങിനെത്തിയ ശിവശങ്കർ സ്വപ്‌നയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട സ്വകാര്യ ചടങ്ങുകളിൽ പോലും ശിവശങ്കർ ആദ്യാവസാനം പങ്കാളിയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ.