തിരുവനന്തപുരം:വയനാട്ടിലെ പൊലീസ് വെടിവയ്പിനെതിരെ സിപിഐ. നടന്നത് ഏകപക്ഷീയമായ സമീപനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.നടന്നത് ഏറ്റുമുട്ടൽ അല്ലെന്നും, അങ്ങനെയായിരുന്നെങ്കിൽ പൊലീസിന് പരിക്കില്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
'കേരളത്തിന് മാവോയിസ്റ്റ് ഭീഷണിയില്ല.ഭീഷണി പൊലീസിന് മാത്രം.ഇത്തരത്തില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടത് പൊലീസിന്റെ മാത്രം ആവശ്യമാണ്. കേന്ദ്ര ഫണ്ട് നേടാനാണിത്'- കാനം കുറ്റപ്പെടുത്തി. പൊലീസിനെതിരെയാണ് റിപ്പോർട്ട് എങ്കിൽ പുറത്തുവരാത്ത സ്ഥിതിയാണെന്നും അദ്ദേഹം വിമർശിച്ചു.ഏറ്റുമുട്ടലിൽ നിന്ന് തണ്ടർബോൾട്ട് പിന്മാറണമെന്നും കാനം ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം വേണമെന്നും കാനം ആവശ്യപ്പെട്ടു.അതേസമയം സിപിഐയിൽ അഭിപ്രായ വ്യത്യാസങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടികമ്മിറ്റിയിൽ നടക്കാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും കാനം കൂട്ടിച്ചേർത്തു.