vinodini-balakrishnan

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസിലെ കള്ളപ്പണ ബിനാമി ഇടപാടിന് തെളിവുതേടി ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ 'കോടിയേരി' വീട്ടിൽ ഇ.ഡി നടത്തിയ 26 മണിക്കൂർ റെയ്ഡിന് അപ്രതീക്ഷിതവും സംഭവബഹുലവുമായ രീതിയിലാണ് അവസാനിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് തുടങ്ങിയ റെയ്ഡ് ഇന്നലെ പകലും നീണ്ടതോടെ, ബിനീഷിന്റെ ഭാര്യ റെനീറ്റയെയും രണ്ടരവയസുള്ള മകളെയും ഭാര്യാമാതാവ് മിനിയെയും വീട്ടുതടങ്കലിലാക്കിയെന്ന ആരോപണവുമായി ബിനീഷിന്റെ മാതൃസഹോദരി ലില്ലിയും അമ്മാവന്റെ ഭാര്യ ശ്രീലതയും വീടിനുമുന്നിലെത്തി പ്രതിഷേധിച്ചിരുന്നു.

റെയ്ഡുമായി ബന്ധപ്പെട്ട പരിഭവം ബിനീഷ് കോടിയേരിയുടെ മാതാവും, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യയുമായ വിനോദിനി ബാലകൃഷ്ണനും മറച്ചുവച്ചില്ല. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രതികരണത്തിൽ തങ്ങളുടെ കുടുംബം തകർക്കാനാണ് എല്ലാവരുംകൂടി ശ്രമിക്കുന്നതെന്ന് വിനോദിനി ആരോപിക്കുന്നു. മരിച്ചുകിട്ടിയാൽ മതിയെന്ന അവസ്ഥയിലായി. എല്ലാവരും കൂടി ഒരു മനുഷ്യനെയിട്ടു കൊല്ലുകയാണ്. എന്താണ് അയാൾ ചെയ്ത തെറ്റെന്നും അവർ ചോദിക്കുന്നു. ഭർത്താവിന്റെ അസുഖം മാറി വന്നപ്പോഴാണ് ഈ പ്രശ്നങ്ങളെന്നും വിനോദിനി പറഞ്ഞു. റെയ്ഡിനിടെ തന്റെ മരുമകൾ അനുഭവിച്ച യാതനകൾ വിവരിക്കാനാവുന്നതല്ലെന്നും, ഞാനായതുകൊണ്ടാണു പിടിച്ചു നിൽക്കുന്നതെന്നും വിനോദിനി പറയുന്നു.


അതേസമയം കേസും അന്വേഷണങ്ങളും പരാതികളുമായി ഇ.ഡിക്ക് തടയിടാൻ ബഹുമുഖ തന്ത്രങ്ങളൊരുക്കുകയാണ് സർക്കാരും ബിനീഷിന്റെ കുടുംബവും. റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി ഡയറക്ടർക്ക് പരാതി നൽകി. റെയ്ഡിനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും ഹർജിയെത്തി. എന്നാൽ വാറണ്ടുള്ള റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നും ഒളിക്കാൻ കാര്യമുള്ളതിനാലാണ് പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഇ.ഡിയും തീരുമാനിച്ചതോടെ സംഭവബഹുലമായ റെയ്‌ഡിന് താത്കാലിക വിരാമമായിരിക്കുകയാണ്.