ഉലക നായകൻ കമലഹാസന് ഇന്ന് 66 വയസ്
ഇന്ത്യൻ സിനിമയുടെ ദശാവതാരമാണ് കമലഹാസൻ . നടനായും സംവിധായകനായും ഗായകനായും നിർമ്മാതാവായും കൊറിയോഗ്രാഫറായുമെല്ലാം അദ്ദേഹം പകർന്നാട്ടം നടത്തി. സ്നേഹത്തോടെ ഈ നടനെ ഇന്ത്യൻ പ്രേക്ഷകർ ''ഉലക നായകനെ""ന്ന് വിളിച്ചു, 1960 ൽ കളത്തൂർ കണ്ണമ്മയിലൂടെ ബാലതാരമായി സെല്ലുലോയ്ഡിന് മുന്നിലെത്തി, ആദ്യ ചിത്രത്തിൽ തന്നെ ദേശീയ അംഗീകാരം. ആ പയ്യൻ വലുതായി. വെള്ളിത്തിരയിൽ വൈവിധ്യങ്ങൾ തീർത്തു. തെന്നിന്ത്യൻ സിനിമയിൽ തുടങ്ങി ഇന്ത്യൻ സിനിമയുടെ സജീവഭാഗമായി വളർന്നു. പ്രതിഭയും വൈവിധ്യവും തമ്മിലുള്ള മത്സരമാണ് കമൽ ഹാസൻ എന്ന നടനിൽ പ്രേക്ഷകർക്ക് കാണാൻ കഴിഞ്ഞത്. പ്രായത്തെ പോലും വെല്ലുവിളിച്ച് ആ മഹാനടൻ 66 ലേക്ക് കടക്കുകയാണ്.ഇന്ന് കമൽ ഹാസൻ സിനിമ നടനെന്നതിലുപരി രാഷ്ട്രിയക്കാരൻകൂടിയാണ്. ആ യാത്രയിൽ ഒട്ടും ക്ഷീണവും മങ്ങലും ഏൽക്കാതെ ജൈത്രയാത്ര തുടരുകയാണ്.....
ആദ്യ ചിത്രം കളത്തൂർ കണ്ണമ്മയിൽ ജെമിനി ഗണേശനൊപ്പവും സാവിത്രിയ്ക്കൊപ്പവും അഭിനയത്തിന്റെ ഹരിശ്രീ കുറിച്ച ആ ബാലതാരത്തിന് തന്റെ അഭിനയ ജീവിതം ആത്മസമർപ്പണമാണ്. 1975 ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ രംഗങ്ങളാണ് കമൽ ഹസൻ നായകനായ ആദ്യ ചിത്രം. പ്രസന്നനായിരുന്നു ആദ്യ നായക കഥാപാത്രം. തന്റെ ഓരോ കഥാപാത്രങ്ങളും വെല്ലുവിളി നിറഞ്ഞതായിരിക്കണമെന്ന് കമൽ ഹാസൻ നിർബന്ധം പിടിക്കാറുണ്ട്. വൈവിധ്യങ്ങളായ കഥാപാത്രങ്ങൾ കമലിന് ലഹരിയായിരുന്നു. കഥാപാത്രത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യാൻ തയ്യാറായ നടൻ. തനിക്ക് സാഹസികത നിറഞ്ഞ കഥാപാത്രങ്ങൾ വേണമെന്ന് തിരക്കഥാകൃത്തുക്കളോട് ഡിമാൻഡ് ചെയ്യുന്ന നടൻ.
കെ .ബാലചന്ദറുമായുള്ള കൂട്ടായ്മയിൽ നിന്ന് വന്ന സിനിമകളെല്ലാം ബോക്സ് ഓഫീസിൽ പ്രകമ്പനം സൃഷ്ടിച്ചു.ബാലചന്ദർ-കമൽ കൂട്ടുകെട്ടിൽ വന്ന ഉണർച്ചികൾ,അവൾ ഒരു തുടർ കഥ, നിനൈത്താലെ ഇനിക്കും, വരുമയിൻ നിറം ചുവപ്പ് മുതൽ ഹിന്ദിയിൽ ഏക് ദൂജെ കേലിയെ വരെ തകർത്തോടി.തമിഴകത്ത് മാത്രം നടനായി ഇരിക്കുന്നതിൽ കമൽ ഇഷ്ടപ്പെട്ടില്ല.തെലുങ്കിലും കന്നടയിലും മലയാളത്തിലും ഹിന്ദിയിലും തുടങ്ങി ഇന്ത്യയിൽ നിറഞ്ഞു നിന്നു ഈ മഹാനടന്റെ അഭിനയ മികവ്.ഏത് ഭാഷയിലാണെങ്കിലും അവിടുത്തെ സൂപ്പർഹിറ്റ് താരങ്ങൾക്കൊപ്പം കമൽ സ്ഥാനം പിടിച്ചു. വിഷ്ണു വിജയം , കന്യാകുമാരി, ഞാൻ നിന്നെ പ്രേമിക്കുന്നു, തിരുവോണം,മദനോത്സവം,ആശീർവാദം, ഈറ്റ,അലാവുദ്ദീനും അത്ഭുതവിളക്കും തുടങ്ങി മലയാളത്തിലും കമൽ പ്രിയങ്കരനായ നടനായി മാറി.ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ഏക് ദൂജെ കേലിയെ
സൂപ്പർഹിറ്റായിരുന്നു. കഥാപാത്രങ്ങൾക്കുവേണ്ടി കമൽ എന്തും ചെയ്യുമായിരുന്നു.ഭാരതിരാജയുടെ പതിനാറ് വയതിനിലെ ചപ്പാണി മുതൽ അവ്വൈ ഷൺമുഖിയിലെ സ്ത്രീ കഥാപാത്രം അടക്കം വ്യത്യസ്ഥമായ അനവധി വേഷങ്ങൾ ചെയ്തു.സാഗരസംഗമത്തിൽ നർത്തകനായപ്പോൾ അപൂർവ്വ സഹോദരങ്ങളിൽ കള്ളനും കോമാളിയുമായി. ലോക സിനിമയുടെ തന്നെ ചരിത്രത്തിൽ ദശാവതാരത്തിൽ പത്തു കഥാപാത്രങ്ങൾ ചെയ്തു അത്ഭുതം സൃഷ്ടിച്ചു . ഇതിനിടയിൽ മികച്ച നടനുള്ളദേശീയ അംഗീകാരം പലതവണ കമലിനെ തേടിയെത്തി. മൂണ്ട്രാം പിറൈ ( മൂന്നാം പിറ ) നായകൻ ,തേവർമകൻ ,ഇന്ത്യൻ ,ഗുണ ,മൈക്കിൾ മദന കാമരാജൻ, ഹാ റം തുടങ്ങിയ സിനിമകൾ സൂപ്പർഹിറ്റുകളായി. 1990ൽ ഇന്ത്യൻ സിനിമാ ലോകത്തിനു കമൽഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം പത്മശ്രീ ബഹുമതി നൽകി ആദരിക്കുകയുണ്ടായി. ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവ്വം കലാകാരന്മാരിൽ ഒരാളായി കമലഹാസൻ മാറി.ലോകേഷ് കനകരാജിന്റെ എവൻ എൻട്ര് നിനൈത്താൽ എന്ന ചിത്രമാണ് കമൽ ഇനി ചെയ്യാൻ പോകുന്നത്.