kummanam-rajsekharan

തിരുവനന്തപുരം: സംസ്ഥാനത്ത് ബി ജെ പി ഒറ്റക്കെട്ടാണെന്ന് മുൻ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പാർട്ടി പ്രസിഡന്റ് മറുപടി നൽകിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനപ്പുറം മറ്റൊന്നും പറയാനില്ല. പാർട്ടിയെ ആരും ദുർബലപ്പെടുത്തരുത്. പാർട്ടിയുടെ വളർച്ചയ്‌ക്ക് തടസമാകുന്ന സമീപനം ഉണ്ടാകരുതെന്നാണ് നിലപാടെന്നും കുമ്മനം വ്യക്തമാക്കി. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയായി ചുമതലയേറ്റെ‌ടുത്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ പണമിടപാട് കേസിൽ കുടുക്കിയ സംഭവത്തിൽ പാർട്ടിയിലെ ആരും ഉൾപ്പെട്ടിട്ടില്ലെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. തന്നെ അപമാനിക്കാനും ചെളി വാരി എറിയാനും സി പി എമ്മാണ് ശ്രമിച്ചത്. മാഫിയ രാഷ്ട്രീയ കൂട്ടുകെട്ടാണ് ഇതിന് പിന്നിൽ. തനിക്കെതിരെ അവമതിപ്പ് സൃഷ്‌ടിക്കാനാണ് ഇത്തരമൊരു ഗൂഢാലോചന നടന്നത്. ശിവശങ്കറിനെ അറസ്റ്റ് ചെയ്‌തതോടെ തന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസിൽ കുടുക്കണമെന്ന ദുരുദ്ദേശവും ഇതിന് പിന്നിലുണ്ടായിരുന്നു. തിടുക്കത്തിൽ കേസെടുത്തത് അതിനാലാണെന്നും കുമ്മനം വ്യക്തമാക്കി.

ബിനീഷ് കോടിയേരിക്കും എം ശിവശങ്കറിനും എതിരായ അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസികൾക്ക് രാഷ്ട്രീയമില്ല. ഇപ്പോൾ നടക്കുന്നത് സത്യസന്ധമായ അന്വേഷണമാണെന്നും കുമ്മനം പറഞ്ഞു.