ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.ഐയുടെ അന്വേഷണത്തിനുളള പൊതുസമ്മതം ഏതാനും ദിവസം മുൻപാണ് കേരളം പിൻവലിച്ചത്. വിവിധ സംസ്ഥാനങ്ങളിലായി പല കാരണങ്ങളാൽ സി.ബി.ഐയ്‌ക്ക് അവർ രജിസ്‌റ്റർ ചെയ്‌ത നിലവിലെ കേസ് അന്വേഷിക്കാമെങ്കിലും പുതിയ കേസ് അന്വേഷിക്കാൻ അനുമതി ലഭിക്കില്ല. പ്രധാനമായും ഏഴ് സംസ്ഥാനങ്ങളിലാണ് ഇത്തരത്തിൽ പൊതുസമ്മതം പിൻവലിച്ചത്. ജാർഖണ്ഡാണ് ഇത്തരത്തിൽ ഉത്തരവിറക്കിയ അവസാനത്തെ സംസ്ഥാനം. ഈ സംസ്ഥാനങ്ങളൊന്നും ബിജെപി ഭരിക്കുന്നതല്ല എന്ന പ്രത്യേകതയും ഈ തീരുമാനത്തിനിടെ ശ്രദ്ധിക്കേണ്ടതുണ്ട്.
സി.ബി.ഐയ്‌ക്ക് അവരുടെ മുംബയ് ബ്രാഞ്ചിൽ പുതുതായി കേസുകൾ രജിസ്‌റ്റർ ചെയ്യാനാകില്ല. ഒക്‌ടോബർ 21ന് ശിവസേന മുഖ്യകക്ഷിയായുളള സംസ്ഥാന സർക്കാർ ഇതിനുളള അനുമതി റദ്ദാക്കിയതാണ് കാരണം. ഓരോ മാസവും മൂന്ന് മുതൽ നാല് വരെ സാമ്പത്തിക തട്ടിപ്പ് കേസുകൾ രജിസ്‌റ്റർ ചെയ്‌തിരുന്ന ബ്രാഞ്ചാണ് മുംബയിലേത്. ന്യൂഡൽഹി ബ്രാഞ്ച് കഴിഞ്ഞാൽ ഏറ്റവുമധികം കേസുകൾ വരുന്ന ബ്രാഞ്ചാണ് മുംബയിലേത്. ടെലിവിഷൻ റേറ്റിംഗ് പോയിന്റിനെ കുറിച്ച് മുംബയ് പൊലീസ് അന്വേഷണം നടത്തുന്നതിനിടെ സി.ബി.ഐ കേസ് ഏറ്റെടുത്തതാണ് സർക്കാർ ഇങ്ങനെ പെട്ടെന്ന് തീരുമാനിക്കാൻ കാരണം.ഈ കേസിലും സുശാന്ത് കേസിലും കേന്ദ്രം അനാവശ്യ ഇടപെടൽ നടത്തുന്നുവെന്ന് സംസ്ഥാന സർക്കാരിന് പരാതിയുണ്ടായിരുന്നു.
കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുന്നുവെന്ന് ആരോപിച്ച് സി.ബി.ഐയ്‌ക്ക് അനുമതി നൽകാത്ത മറ്റ് സംസ്ഥാനങ്ങൾ ഇവയാണ്- പശ്ചിമ ബംഗാൾ, രാജസ്ഥാൻ,ഛത്തീസ്‌ഗഡ്,ആന്ധ്രപ്രദേശ്,കേരളം. ഈ സംസ്ഥാനങ്ങളിൽ അഴിമതി കേസുകളിലും റെയ്‌ഡുകളിലും ഹൈക്കോടതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടൽ ഇക്കാര്യത്തിൽ ലഭിക്കുമെന്നാണ് സി.ബി.ഐ കരുതുന്നത്.
വിവിധ സംസ്ഥാനങ്ങളുടെ ഈ നടപടി പണ്ടുണ്ടാകാത്തതല്ല. എന്നാൽ നിയമപ്രകാരം വിവിധ സംസ്ഥാനങ്ങളിൽ അന്വേഷിക്കാൻ സി.ബി.ഐയ്‌ക്ക് സംസ്ഥാനങ്ങളുടെ അനുമതി ആവശ്യമാണ്.