ന്യൂയോർക്ക്: അമേരിക്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അതിന്റെ അവസാന പാദത്തിലാണിപ്പോൾ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ജോ ബൈഡൻ അടുത്ത പ്രസിഡന്റാകുമെന്ന് ഏതാണ്ട് ഉറപ്പായി. എതിർ സ്ഥാനാർത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപ് സ്വയം വിജയിയായി പ്രഖ്യാപിച്ചും കോടതിയിൽ കേസ് നൽകിയും പിടിച്ചു നിൽക്കുന്നതിനിടെ അതിനെ പരിഹസിച്ച് പ്രശസ്‌ത പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ്.
കാലാവസ്ഥാ വ്യതിയാനത്തെ ലോകരാജ്യങ്ങൾ മതിയായ ശ്രദ്ധ കൊടുക്കാത്തതിന് ദേഷ്യത്തോടെ പ്രതികരിച്ച ഗ്രേറ്റയെ അന്ന് ട്രംപ് ട്വിറ്ററിലൂടെ കളിയാക്കിയിരുന്നു. 2019 ഡിസംബറിൽ പോസ്‌റ്റ് ചെയ്‌ത ആ ട്വീറ്റിൽ സ്വന്തം ദേഷ്യം നിയന്ത്രിക്കാൻ ഗ്രേറ്റ പരിശീലിക്കണമെന്നും അതിന് ശേഷം സുഹൃത്തുമൊത്ത് സിനിമയ്‌ക്ക് പോയി മനസ് തണുപ്പിക്കണമെന്നുമായിരുന്നു പരിഹാസ്യ രൂപേണ ട്രംപ് പറഞ്ഞത്.
കഴിഞ്ഞ ദിവസം വോട്ടെടുപ്പിൽ പിന്നിലായതോടെ വോട്ടെണ്ണലിൽ അട്ടിമറി ആരോപിച്ച് വോട്ടെണ്ണുന്നത് നിർത്തണമെന്ന് ട്രംപ് ട്വീറ്റ് ചെയ്‌തു. ഇതിന് മറുപടിയായാണ് തന്റെ മധുരപ്രതികാരം ട്വീറ്ററിൽ കുറിച്ചത്. ട്രംപ് തന്റെ പേര് കുറിച്ചയിടത്തെല്ലാം ട്രംപിന്റെ പേര് പകരം ചേർത്താണ് ഗ്രേറ്റയുടെ ട്വീറ്റ്. അതായത് ദേഷ്യം നിയന്ത്രിക്കാൻ ട്രംപ് പഠിക്കണമെന്നും പിന്നെ മനസ് തണുപ്പിക്കാൻ സുഹൃത്തിനൊപ്പം ഒരു സിനിമയ്‌ക്ക് പോകാനുമായിരുന്നു ഗ്രേറ്റയുടെ ഉപദേശം.
Greta held onto this for 11 MONTHS and dropped an absolute precision missile strike. pic.twitter.com/0MxnWSNKZ3
— Jim Harper (@NewsroomJim) November 6, 2020
ഗ്രേറ്റയുടെ ട്വീറ്റ് 11 മാസം മുൻപ് ട്രംപ് പോസ്‌റ്റ് ചെയ്‌തതിനെക്കാൾ പത്ത് ലക്ഷത്തിലധികം ലൈക്ക് ലഭിച്ചു.
തെളിവുകൾ ഒന്നുമില്ലാതെ ബൈഡന് മുൻതൂക്കമുളള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നെന്ന് ട്രംപ് ആരോപിച്ചിരുന്നു. എന്നാൽ ട്രംപിന്റെ ആരോപണങ്ങൾക്ക് തെളിവൊന്നുമില്ലെന്ന് കണ്ട് അമേരിക്കൻ സുപ്രീംകോടതി വാദം തളളി.