തിരുവനന്തപുരം: ഇലക്ട്രിക് വാഹന രംഗത്ത് ചരിത്രം കുറിക്കാൻ സംസ്ഥാനം ഒരുങ്ങുന്നതിനിടെ തലസ്ഥാനത്ത് നാല് ചാർജിംഗ് സ്റ്റേഷനുകൾ കൂടി വരുന്നു. ഇവയുടെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. നാല് ചാർജിംഗ് സ്റ്റേഷനുകളിൽ മൂന്നെണ്ണവും അനർട്ട് ആണ് സ്ഥാപിക്കുന്നത്. ശേഷിക്കുന്ന ഒരെണ്ണം കെ.എസ്.ഇ.ബി ആയിരിക്കും സ്ഥാപിക്കുക. കേന്ദ്ര സർക്കാരിന്റെ ഊർജ്ജ ക്ഷമതാ സേവനങ്ങളുടെ കീഴിലാണ് പദ്ധതികൾ നടപ്പാക്കുന്നത്. തലസ്ഥാനത്തെ കൂടാതെ കൊച്ചി മറൈൻ ഡ്രൈവ്, ഒലായിൽ, പാലാരിവട്ടം, വിയ്യൂർ, നല്ലളം, ചൊവ്വവിള എന്നിവിടങ്ങളിലും ചാർജിംഗ് സ്റ്റേഷനുകൾ ഉദ്ഘാടനം ചെയ്യും.
ചാർജിംഗ് സ്റ്റേഷനുകൾ ഇവിടെയൊക്കെ
പി.എം.ജിയിലെ അനർട്ട് ആസ്ഥാനം, തൈക്കാട് ഗസ്റ്റ്ഹൗസ്, ശംഖുംമുഖം ബീച്ച് റോഡ് എന്നിവിടങ്ങളിലാണ് അനർട്ടിന്റെ ചാർജിംഗ് സ്റ്റേഷനുകൾ. നേമത്താണ് കെ.എസ്.ഇ.ബി ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കുന്നത് നേമത്താണ്.
അനർട്ട് ആസ്ഥാനത്ത് സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്റേഷനുകളിൽ ഒരെണ്ണം സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്നതാണ്. ശംഖുംമുഖം, തൈക്കാട് എന്നിവിടങ്ങളിൽ സ്ഥാപിക്കുന്ന ചാർജിംഗ് സ്റ്രേഷൻ ഭാവിയിൽ സൗരജോർജ്ജത്തിലേക്ക് മാറ്റാനും അനർട്ടിന് ആലോചനയുണ്ട്.
രണ്ട് തരം ചാർജിംഗ്
അനർട്ട് സ്ഥാപിക്കുന്നത് 15, 60, 22 കിലോവാട്ടിന്റെ ചാർജിംഗ് സ്റ്റേഷനുകളാണ്. ഇതിൽ 60 കിലോവാട്ടിന്റേത് രണ്ട് ചാർജിംഗ് പോയിന്റു (കോംബോ)കളുള്ളതാണ്. ടാറ്റ ടിഗോർ, മഹീന്ദ്ര ഇ വെരിറ്റോ എന്നീ വാഹനങ്ങൾക്ക് 15 കിലോവാട്ടിന്റെ ചാർജിംഗ് പോയിന്റിൽ നിന്ന് ചാർജ് ചെയ്യാം. വലിയ കാറുകളായ ഹ്യൂണ്ടായ് കോന, ടാറ്റ നെക്സൺ, എം.ജി സെഡ് എസ് എന്നിവ കോംബോ ചാർജിംഗ് പോയിന്റിൽ നിന്ന് ചാർജ് ചെയ്യാം. വാഹനങ്ങളുടെ ബാറ്ററി 20 മിനിട്ട് കൊണ്ട് 80 ശതമാനം വരെ ചാർജ് ചെയ്യാനാകും. പി.എം.ജിയിലെ ചാർജിംഗ് സ്റ്റേഷനുകളിൽ ഇ റിക്ഷകൾ ചാർജ് ചെയ്യാനും അനുവദിക്കുമെന്ന് അനർട്ട് അധികൃതർ വ്യക്തമാക്കി. അതേസമയം, ഈ ചാർജിംഗ് സ്റ്റേഷനുകളിൽ ഒരിടത്തും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ചാർജ് ചെയ്യാനാകില്ല.