ലഡാക്ക്: ലഡാക്കിൽ ചൈനയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ യഥാർത്ഥ നിയന്ത്രണ രേഖയിൽ(എൽഎസി) നിന്ന് ഒരിഞ്ചുപോലും ഇന്ത്യ മാറില്ലെന്ന് വ്യക്തമാക്കി ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിൽ ചർച്ച നടത്തുന്നതിന് മുന്നോടിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഇന്ത്യൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി ചൈനയുടെ എടുത്തുചാട്ടത്തിന് നൽകിയ മറുപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.നാഷണൽ ഡിഫൻസ് കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നും ഇന്ത്യ ഭീഷണി നേരിടുന്നതായി ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. അയൽക്കാരായ ഇരു രാജ്യങ്ങളും നിരന്തരം പ്രകോപനം ഉണ്ടാക്കുന്നതായും അദ്ദേഹം പറയുന്നു.പാകിസ്ഥാനെ കൂട്ടുപിടിച്ച് ചൈന ആക്രമണം നടത്താനുള്ള സാദ്ധ്യതയും ബിപിൻ റാവത്ത് തള്ളിക്കളയുന്നില്ല.