kerala-election

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന് വൈകുന്നേരം പ്രഖ്യാപിച്ചേക്കും. വൈകുന്നേരം മൂന്നരയ്‌ക്കാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താ സമ്മേളനം. രണ്ട് ഘട്ടമായിട്ടാകും തെരഞ്ഞെടുപ്പ്. ഡിസംബർ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ നിലവിൽ വരും. ഇതനുസരിച്ചാവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക.

ഒന്നിടവിട്ട ജില്ലകളിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന. കഴിഞ്ഞ പ്രാവശ്യവും രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷൻ ആലോചിച്ചെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്താൻ കൂടുതൽ സേനാ വിന്യാസം വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.

പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോൾ ഇതിനോടകം കമ്മിഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. കൊവിഡ് ബാധിതർക്ക് തപാൽ വോട്ട് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാൽ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വരും.