പത്തനംതിട്ട: ശബരിമലയിൽ ആചാരലംഘനം ഉണ്ടാക്കുന്ന തരത്തിലുളള തീർത്ഥാടനയാത്ര ഭക്തർ ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്‌ത് അയ്യപ്പസേവാ സമാജം. പകരം സ്വന്തം വീടുകളിൽ തന്നെ കർമ്മങ്ങൾ ചെയ്യണമെന്നാണ് സമാജം ഭാരവാഹികൾ പറയുന്നത്. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ശബരിമലയിൽ സർക്കാർ ആചാരലംഘനത്തിന് ശ്രമിക്കുകയാണ്. നെയ്യഭിഷേകം, പമ്പാ സ്‌നാനം ഉൾപ്പടെയുളള ചടങ്ങുകളിൽ ഇത്തവണ മാറ്റം വരുത്തിയത് ആചാരലംഘനങ്ങൾക്ക് കാരണമാകുമെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അയ്യപ്പസേവാ സമാജം നേതാക്കൾ അറിയിച്ചു.
ശബരിമലയിലെ ആചാരങ്ങൾ ഇല്ലാതാക്കുന്ന സർക്കാർ നിലപാടിനെതിരെ ഈ മാസം എട്ടിന് അയ്യപ്പ മഹാസംഗമം നടത്താനാണ് അയ്യപ്പസേവാ സമാജത്തിന്റെ തീരുമാനം. പന്തളം കൊട്ടാരത്തിലും കേരളത്തിനകത്തും പുറത്തുമായി 18 വേദികളിലാവും അയ്യപ്പ മഹാസംഗമം നടത്തുക. കുമ്മനം രാജശേഖരൻ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, പന്തളം രാജകുടുംബ പ്രതിനിധി ശശികുമാര വർമ്മ തുടങ്ങിയവർ പരിപാടിയിൽ അദ്ധ്യക്ഷത വഹിക്കും.
ശബരിമലയിലെ എല്ലാ ആചാരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്ന സർക്കാരിന് കാണിക്കയിടാൻ മാത്രം നിയന്ത്രണമൊന്നും ഏർപ്പെടുത്താൻ താത്പര്യമില്ല. തന്ത്രിയുമായോ പന്തളം രാജപ്രതിനിധിയിയുമായോ ഹൈന്ദവ ഭക്തജന സംഘടനകളുമായോ ചർച്ച ചെയ്യാതെയാണ് സർക്കാർ ശബരിമലയിൽ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നത്. ഇത് ഭരണഘടനാ ലംഘനമാണ്. ദേവസ്വംബോർഡും സർക്കാരും തീരുമാനം പുന:പരിശോധിക്കണമെന്നാണ് അയ്യപ്പസേവാ സമാജത്തിന്റെ ആവശ്യം.