ബംഗളുരു: രാജ്യത്തെ പ്രധാന ഉത്സവങ്ങളിലൊന്നായ ദീപാവലി അടുത്തയാഴ്‌ചയാണ്. പടക്കങ്ങൾ പൊട്ടിച്ചും മധുരപലഹാരങ്ങളും വിതരണം ചെയ്‌തുമാണല്ലോ സാധാരണ നാം ദീപാവലി ആഘോഷമാക്കാറ്. എന്നാൽ ഇത്തവണ പല സംസ്ഥാനങ്ങളും അത്തരം ആഘോഷം നിരുത്സാഹപ്പെടുത്തുകയാണ്. കൊവിഡ് മഹാവ്യാധി തന്നെ കാരണം. അത്തരത്തിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവുമൊടുവിൽ തീരുമാനമെടുത്തത് കർണാടകയാണ്. ദീപാവലിയ്‌ക്ക് ജനങ്ങൾ പടക്കം പൊട്ടിക്കേണ്ടെന്നാണ് മുഖ്യമന്ത്രി യെദ്യുരപ്പ ഉത്തരവിട്ടിരിക്കുന്നത്.
പടക്കം പൊട്ടിക്കുന്നതിലൂടെ വായുവിൽ വിഷ വാതകങ്ങളുടെ അളവ് കുത്തനെ കൂടും. ഇത് കൊവിഡ് പ്രതിസന്ധി കൊണ്ട് വിഷമിക്കുന്ന ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. അതിനാലാണ് പടക്കം പൊട്ടിക്കുന്നതിനെ സർക്കാർ എതിർക്കുന്നത്. ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായ കൊവിഡ് ബാധിച്ചവർക്ക് വായുമലിനീകരണം വലിയ ഭീഷണിയാണ്.
മുൻപ് ഒഡീഷയും ഡൽഹിയും രാജസ്ഥാനും ദീപാവലിയ്‌ക്ക് പടക്കങ്ങൾ നിരോധിച്ചിരുന്നു. തണുപ്പുകാലം ആരംഭിച്ചതിനാൽ ഇവിടങ്ങളിൽ വായുമലിനീകരണം രൂക്ഷമാണ്. ഹരിയാനയും ഭാഗികമായി പടക്കങ്ങൾ നിരോധിച്ചിട്ടുണ്ട്. പടക്കങ്ങൾ വിൽപന നിയമവിരുദ്ധമായി ഇവിടെ പ്രഖ്യാപിച്ചു. മഹാരാഷ്‌ട്ര സർക്കാർ ജനങ്ങളോട് ദീപാവലിയ്‌ക്ക് പടക്കം പൊട്ടിക്കരുതെന്ന് അഭ്യർത്ഥിച്ചു. കൊവിഡ് രോഗം രൂക്ഷമായി ബാധിച്ച നിരവധി പേർ സംസ്ഥാനത്തുണ്ടെന്ന് സർക്കാർ ഓർമ്മിപ്പിച്ചു.പകരം ദീപങ്ങൾ കത്തിച്ച് ആഘോഷിക്കാനും സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഇവിടെ പടക്കങ്ങൾ നിരോധിച്ചിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണൽ രാജ്യമാകെ പടക്കങ്ങൾ നിരോധിക്കാൻ ആലോചിക്കുകയാണെന്ന് സൂചനകൾ നൽകിയിട്ടുണ്ട്.