കിളിമാനൂർ : അമ്പത് ശതമാനം വാർഡുകളിൽ വനിത സംവരണം രാജ്യത്ത് ആദ്യം നടപ്പിലാക്കിയത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലാണ്. ഈ തീരുമാനം വന്ന സമയം തലയിൽ കൈവച്ചത് പ്രമുഖ രാഷ്ട്രീയ പാർട്ടികളാണ്. ഇത്രയും സീറ്റുകളിൽ എവിടെനിന്നും സ്ഥാനാർത്ഥികളെ കണ്ടെത്തും എന്നതായിരുന്നു അവരെ കുഴക്കിയ വിഷയം. ഒരു കാലത്ത് സ്ഥാനാർത്ഥിയാവാൻ ആളുകളെ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന പാർട്ടികൾക്ക് ഇപ്പോൾ സ്ഥാനാർത്ഥി മോഹികളെ കാരണമാണ് ഇരിക്കപൊറുതി ഇല്ലാതായിരിക്കുന്നത്. പഞ്ചായത്ത് മെമ്പർ സ്ഥാനം മോഹിപ്പിക്കുന്നതാക്കിയതിന് പിന്നിൽ ഇപ്പോൾ ചില കാരണങ്ങളുണ്ട് .
തദ്ദേശ സ്ഥാപനങ്ങളിൽ ഓണറേറിയം കൂടിയപ്പോഴാണ് മത്സരിക്കാൻ സ്ഥാനാർത്ഥികളുടെ നീണ്ട നിരയുണ്ടായത്. ലോക്ക് ഡൗൺ കാലത്ത് ജോലി നഷ്ടപ്പെട്ടവർ വരെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുന്നണി നേതാക്കൾക്ക് ബയോഡേറ്റ നൽകിയിട്ടുണ്ട്. സ്വതന്ത്രരായി മത്സരിക്കാൻ ആലോചിക്കുന്നവരും അനവധി.
പാതി സീറ്റിൽ സംവരണമായതിനാൽ പഞ്ചായത്തുകളിലും ബ്ലോക്കുകളിലും ജില്ല പഞ്ചായത്തിലേക്കും പകുതി സീറ്റിലും വനിതകൾ വേണം. പലയിടത്തും വാർഡ് തലങ്ങളിൽ മികച്ച വനിതാ സ്ഥാനാർത്ഥികളെ കിട്ടാനില്ല. രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാനില്ലാത്തവരാണ് ഏറെയും. കുടുംബത്തിലുണ്ടായിരുന്ന രാഷ്ട്രീയ പ്രവർത്തകരുടെ പേര് പറഞ്ഞു അപേക്ഷിക്കുന്നവരുമുണ്ട്.
വനിതകളിൽ പലരും ഭാര്യ, ബന്ധു എന്ന നിലയിൽ പരിഗണിക്കപ്പെട്ടവരാണ്. നേതാക്കളിൽ പലരും സ്വന്തക്കാരെ രംഗത്തിറങ്ങാൻ മാസങ്ങളായി ശ്രമിക്കുന്നുണ്ട്. പാർട്ടി മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും സീറ്റ് തരപ്പെടുത്താനുള്ള ശ്രമവുമുണ്ട്. പുതിയ സാഹചര്യത്തിൽ സർവീസിൽ നിന്ന് വിരമിച്ചവരും ജോലി നഷ്ടപ്പെട്ടവരും രാജി വച്ചവരുൾപ്പെടെയുള്ളവരും മത്സരിക്കാൻ തയ്യാറായി വന്നിട്ടുണ്ട്. കിട്ടുന്ന ഓണറേറിയം ഒന്നിനും തികയുന്നില്ലെന്നു പറയുന്നവരും മത്സരിക്കാൻ ഉടുപ്പിട്ട് നിൽപ്പുണ്ട്. ജനറൽ സീറ്റിൽ നേതാക്കൾ നേരിട്ട് സ്ഥാനാർത്ഥികളെ നിശ്ചയിക്കുമെന്നതിനാൽ തള്ളിക്കയറ്റം കുറവാണ്.
ഓണറേറിയം
ജില്ല പഞ്ചായത്ത് അംഗം 8800 രൂപ
ബ്ലോക്ക് പഞ്ചായത്ത് അംഗം 7600 രൂപ
ഗ്രാമ പഞ്ചായത്ത് അംഗം 7000 രൂപ
മുനിസിപ്പൽ കൗൺസിലർ 7600രൂപ
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 13200
ബ്ലോക്ക് പ്രസിഡന്റ് 15600 രൂപ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 16800രൂപ