ഏവരുടെയും ജീവിതത്തിലെ മറക്കാനാവാത്ത ദിവസമാണ് വിവാഹ ദിനം. സന്തോഷത്തിന് മാത്രം പ്രവേശനമുള്ള വിവാഹ ദിനത്തിനും ചിലപ്പോൾ ദു:ഖം എത്തിയേക്കാം. വരനോ വധുവോ വിവാഹത്തിൽ നിന്നും പിന്മാറുമ്പോഴാണ് സാധാരണയായി ഇതുണ്ടാവുക. ഇത്തരം ഒരു അവസ്ഥയുണ്ടായാൽ പലപ്പോഴും വിവാഹം മുടങ്ങുകയോ, പെട്ടെന്ന് വീട്ടുകാർ കണ്ടെത്തുന്ന മറ്റൊരു പങ്കാളിയെ കൊണ്ട് നിശ്ചയിച്ച മുഹൂർത്തത്തിൽ വിവാഹം നടക്കുകയോ ചെയ്യാം. എന്നാൽ ഇതിൽ നിന്നെല്ലാം വിഭിന്നമായ ഒരു അനുഭവമാണ് ഡയോഗോ റാബെലോയുടെ ജീവിതത്തിൽ സംഭവിച്ചത്. ഇദ്ദേഹവും വിറ്റർ ബ്യൂണോയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞ നവംബറിലായിരുന്നു നടന്നത്. വിവാഹം ഈ വർഷം ഒക്ടോബറിലാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്ക് മുൻപ് ഇവർ തമ്മിൽ നിരവധി തർക്കങ്ങളുണ്ടാവുകയും വിവഹത്തിൽ നിന്നും പിൻമാറാൻ പ്രതിശ്രുത വധുവായ വിറ്റർ ബ്യൂണോ തീരുമാനിക്കുകയുമായിരുന്നു.
എന്നാൽ വധു പിൻമാറിയെങ്കിലും വിവാഹവുമായി മുന്നോട്ട് പോകുവാനാണ് ഡയോഗോ റാബെലോ തീരുമാനിച്ചത്. അടുത്ത ബന്ധുക്കളെയാണ് ഒക്ടോബർ 16 ന് ബഹിയയിലെ ഇറ്റാകെയറിലെ ഒരു റസോർട്ടിലേക്ക് വിവാഹത്തിനായി ഡയോഗോ ക്ഷണിച്ചത്. പക്ഷേ വിവാഹത്തിനെയവർക്ക് വധുവിനെ കാണാൻ കഴിഞ്ഞില്ല. മുഹൂർത്ത സമയത്തെ തന്നെ സ്വയം വിവാഹം കഴിക്കുക എന്ന വിചിത്രമായ ചടങ്ങാണ് ഡയോഗോ സ്വീകരിച്ചത്. വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോയും ഇപ്പോഴാണ് പുറത്ത് വന്നത്. വിവാഹത്തിന് വധുവിന്റെ കുറവ് ഉണ്ടായിരുന്നുവെങ്കിലും ചടങ്ങിലെ ആർഭാടത്തിന് യാതൊരു കുറവും ഉണ്ടായിരുന്നില്ലെന്ന് വിവാഹ വീഡിയോ കണ്ടാൽ മനസിലാകും, എന്നാൽ പാശ്ചാത്തലത്തിൽ ഒരു നേർത്ത വിരഹഗാനത്തിന്റെ സംഗീതം മുഴങ്ങുന്നത് ആരെയും ദു:ഖിപ്പിക്കുമെന്ന് ഉറപ്പാണ്.