വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 264 ഇലക്ടറൽ വോട്ടുകളുമായി 'വൈറ്റ് ഹൗസിന്റെ പടിവാതിൽക്കൽ' നിൽക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ ഇന്നലെ നിർണായക സംസ്ഥാനമായ ജോർജിയയിൽ ലീഡ് നേടിയതോടെ അദ്ദേഹത്തിന്റെ വിജയം സുനിശ്‌ചിതമായി. ജോർജിയയിൽ 16 ഇലക്ടറൽ വോട്ടുകളുണ്ട്. ഇന്ന് ഇവിടത്തെ ഫലം അറിയാനാവും.
ബൈഡന് അമേരിക്കൻ പ്രസിഡന്റ് പദം ആറ് ഇലക്ടറൽ വോട്ടുകൾ മാത്രം അകലെയാണ്. നാല് നിർണായക സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ നീളുന്നതിനിടെയാണ് ജോർജിയയിൽ ബൈഡൻ മുന്നിലെത്തിയത്. ഇവിടെ ജയിക്കുന്നതോടെ ബൈഡന്റെ ഇലക്ടറൽ വോട്ടുകൾ 280 ആകും. മാജിക് നമ്പരായ 270നേക്കാൾ പത്ത് വോട്ട് അധികം. പിന്നെ ശേഷിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ ജയാപജയങ്ങൾ സാങ്കേതികം മാത്രമാവും.
ജോർജിയ കൂടാതെ പെൻസിൽവേനിയ (20), നോർത്ത് കരോളിന (15), നെവാദ (6) എന്നീ സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് പൂർത്തിയാകാനുള്ളത്. നാലിലും കൂടി 57 ഇലക്ടറൽ വോട്ടുകളാണുള്ളത്. 214 വോട്ടുകൾ മാത്രം നേടിയ ട്രംപിന് മാജിക് നമ്പർ എത്താൻ ഈ നാല് സംസ്ഥാനങ്ങളിലും ജയിക്കണമായിരുന്നു. ബൈഡനാകട്ടെ നെവാദ നേടിയാലും ജയിക്കാമായിരുന്നു. പെൻസിൽവേനിയയിലും നെവാദയിലും ആദ്യം ട്രംപിനായിരുന്നു ലീഡ്. മെയിൽ ബാലറ്റുകൾ എണ്ണിത്തുടങ്ങിയതോടെ ലീഡ് ബൈഡനായി.
പരമ്പരാഗത റിപ്പബ്ലിക്കൻ കോട്ടയായ അരിസോണ തിരിച്ചടിച്ചതാണ് ട്രംപിന്റെ നില തെറ്റിച്ചത്. പതിനൊന്ന് ഇലക്ടറൽ വോട്ടുള്ള അരിസോണയിൽ 50.1% പോപ്പുലർ വോട്ടും കിട്ടിയതോടെയാണ് ബൈഡന്റെ ഇലക്ടറൽ വോട്ടുകൾ 253ൽ നിന്ന് 264 ആയത്.
ബൈഡൻ ഇലക്ടറൽ വോട്ട്
നേടിക്കഴിഞ്ഞത്: 264
ജോർജിയയിൽ കിട്ടാവുന്നത്: 16
അതോടെ: 280
കേവല ഭൂരിപക്ഷം: 270
ട്രംപ്: 214