ഭോപ്പാൽ : ഹിന്ദു ദേവൻമാരുടെയും ദേവതകളുടെയും പേരോ ചിത്രങ്ങളോട് കൂടിയതോ ആയ പടക്കങ്ങൾ സ്റ്റോക്ക് ചെയ്യാനോ വില്പന നടത്താനോ പാടില്ലെന്ന് കാട്ടി പടക്കം വില്ക്കുന്ന മുംസ്ലീം കടയുടമകൾക്ക് നേരെ ഭീഷണി. മദ്ധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് സംഭവം.
കഴുത്തിൽ കാവി നിറത്തിലെ ഷാളുകൾ ചുറ്റിയ സംഘം കടകളിലേക്ക് പാഞ്ഞെത്തുന്നതിന്റെയും പടക്കങ്ങൾ വിറ്റാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടുമെന്നും പറയുന്ന വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി. ' ഈ കടയിൽ നിന്നും ഒരു ലക്ഷ്മി ബോംബോ ഗണേഷ് ബോംബോ വിറ്റാൽ, നിങ്ങൾക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ നിർബന്ധിതരാകും. ' ഒരു മുസ്ലിം കടയുടമയോട് സംഘം പറയുന്നത് വീഡിയോയിൽ കാണാം.
സംഘത്തിന്റെ ഭീഷണിയിൽ ഭയപ്പെട്ട കടയുടമ അങ്ങനെയൊന്നും ചെയ്യില്ലെന്ന് കൈകൂപ്പി അപേക്ഷിക്കുന്നുമുണ്ട്. ഇതിനിടെ സംഘം പ്രവാചകന്റെ കാർട്ടൂൺ ഫ്രഞ്ച് പ്രസിദ്ധീകരണത്തിൽ പ്രത്യക്ഷപ്പെട്ട വിവാദവും പരാമർശിക്കുന്നുണ്ട്. ' നിങ്ങൾ രാജ്യത്തിനെതിരാണെങ്കിൽ, ഞങ്ങൾ നിങ്ങൾക്ക് എതിരാണ് ' എന്നും സംഘം ഭീഷണിപ്പെടുത്തുന്നു. എന്നാൽ കടയുടമ അങ്ങനെയൊന്നും ഉണ്ടാകില്ലെന്ന് ക്ഷമയോടെ മറുപടി പറയുന്നു.
पटाखों पर किसका चित्र हो इसकी जवाबदारी पटाखे बनाने वाले पर है ना कि दुकानदार पर। मोदी जी को अध्यादेश निकाल कर पटाखों पर किसी भी धर्म के देवताओं के चित्र नहीं लगाने का क़ानून बना देना चाहिए।
देवास ज़िला प्रशासन को जो निर्दोष दुकानदार को धमका रहे हैं उन पर कार्रवाई करना चाहिए। https://t.co/1R2A7G2Jqk— digvijaya singh (@digvijaya_28) November 4, 2020
വൃദ്ധനായ മുസ്ലിം കടയുടമയോട് കാവി ഷാൾ കഴുത്തിൽ ചുറ്റിയെത്തിയ അരഡസനോളം പേർ ചേർന്ന് തർക്കിക്കുന്നതിന്റെ വീഡിയോ മദ്ധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിംഗ് ട്വിറ്ററിൽ റീ - ട്വീറ്റ് ചെയ്തിട്ടുണ്ട്. കച്ചവടക്കാരെ ഭീഷണിപ്പെടുത്തുന്ന സംഘത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കടയുടമ പറയുന്നതൊന്നും ചെവിക്കൊടുക്കാത്ത സംഘം, ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളോട് കൂടിയ പടക്കങ്ങൾ വിറ്റാൽ കട മുഴുവൻ കത്തിക്കുമെന്ന് പറയുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോകൾ ശ്രദ്ധയിൽപ്പെട്ടെന്നും അന്വേഷണം ആരംഭിച്ചതായും ദേവാസ് ജില്ലാ കളക്ടർ ചന്ദ്രമൗലി ശുക്ല പറഞ്ഞു.