തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ അവകാശവാദവുമായി മുന്നണി നേതാക്കൾ രംഗത്ത്. ഇടതുമുന്നണിയുടെ വിപുലീകരണം നടന്ന ശേഷമുളള ആദ്യ തെരഞ്ഞെടുപ്പാണിതെന്നും വലിയ വിജയ പ്രതീക്ഷയാണുളളതെന്നും എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ. സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകുന്ന പിന്തുണയായിരിക്കും പ്രാദേശിക തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുക. യു ഡി എഫിന്റെ അവസരവാദ നയസമീപനങ്ങളായിരിക്കും തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയം. ഹിന്ദു-മുസ്ലീം തീവ്രവർഗീയ കക്ഷികളുമായാണ് യു ഡി എഫ് രാഷ്ട്രീയ സഖ്യമുണ്ടാക്കിയിരിക്കുന്നത്. കോൺഗ്രസ് ബി ജെ പിയുമായി സഖ്യമുണ്ടാക്കാനുളള സാദ്ധ്യതയുണ്ട്. വലതുപക്ഷ രാഷ്ട്രീയ സഖ്യത്തെ കേരളം നിരാകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് യു ഡി എഫ് തൂത്തുവാരുമെന്നായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളെ തകർത്ത സർക്കാരാണിത്. മുഖ്യ തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് അതായിരിക്കും. എൽ ഡി എഫ് തകർച്ചയുടെ വക്കിലാണ്. ആരുമായും കൂട്ടുകൂടുന്നത് എൽ ഡി എഫാണ്. സി പി എം അഴിമതിയിൽ മുങ്ങികുളിച്ചു നിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.
സംസ്ഥാനത്ത് ബി ജെ പിക്ക് അനുകൂല സാഹചര്യമെന്നായിരുന്നു സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കുക ബി ജെ പി ആയിരിക്കും. സ്വർണക്കടത്ത് വിഷയം അടക്കം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കും. ഇടത് വലത് മുന്നണികൾ ജനങ്ങൾക്കിടയിൽ പൂർണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. എൻ ഡി എ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഉണ്ടാക്കി കഴിഞ്ഞു. മുമ്പെങ്ങും ഇല്ലാത്ത തരത്തിലുള്ള വലിയ പ്രചരണമാണ് ദേശീയ ജനാധിപത്യസഖ്യം നടത്തുകയെന്നും സുരേന്ദ്രൻ പറഞ്ഞു.