കൊച്ചി : രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുതാര്യമായി നിലനിർത്തുന്നതിന് കച്ചകെട്ടി ഇറങ്ങിയവരാണ് ഇഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിലുള്ളത്. കള്ളപ്പണക്കാരുടെ ഹൃദയമിടിപ്പ് കൂട്ടുന്നവർ കൂടിയാണ് ഇഡി. സ്വത്തും പണവും കുന്നുകൂട്ടുന്നവർക്ക് അധികാര കേന്ദ്രങ്ങളിവുണ്ടാവുന്ന സ്വാധീനവും ശക്തിയും മനസിലാക്കിയിട്ടാവണം ഇ ഡിയെ സൃഷ്ടിച്ചിരിക്കുന്നത് അമാനുഷികമായി അധികാരങ്ങൾ വാരിക്കോരി നൽകിയിരിക്കുന്നത്.
എണ്ണിയാൽ കേവലം രണ്ടായിരം പേർ
കോടികളുടെ കള്ളപ്പണ ഇടപാടുകൾ നിഷ്പ്രയാസം വെളിച്ചത്ത് കൊണ്ടുവരുന്ന ഇഡിയുടെ അംഗബലം ഒരു കൊച്ചുകുട്ടിക്ക് എണ്ണിയാൽ തീരാവുന്നതേയുള്ളു. കേവലം രണ്ടായിരം ഉദ്യോഗസ്ഥരാണ് ഈ കേന്ദ്ര ഏജൻസിയിലുള്ളത്. ഇതിൽ ബഹുഭൂരിഭാഗവും ഡെപ്യൂട്ടേഷനിലൂടെ എത്തുന്നവരാണ്. കസ്റ്റംസ്, സെൻട്രൽ എക്‌സൈസ്, ഇൻകംടാക്സ്, പോലീസ് തുടങ്ങിയ വിഭാഗങ്ങളിൽ നിന്നുമാണ് രാജ്യത്തിന്റെ അഭിമാനമായ ഇ ഡിയിലേക്ക് അണിചേരാൻ ഉദ്യോഗസ്ഥർ സാധാരണയായി എത്താറുള്ളത്. അസി. എൻഫോഴ്സ്‌മെന്റ് ഓഫീസർ റാങ്കിലുള്ളവരെ പ്രത്യേകമായി നിയമിക്കുകയാണ് ചെയ്യാറുള്ളത്.
വിളിച്ചാൽ വിളിപ്പുറത്തെത്തണം
ഇഡി നോട്ടീസ് നൽകി ഒരാളെ വിളിച്ചാൽ ഒഴിവ് കഴിവ് പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതേണ്ട. പി എം എൽ എ യുടെ സെക്ഷൻ 50 പ്രകാരം നോട്ടീസ് നൽകിയാൽ അവർ പറയുന്നിടത്ത് ഹാജരാകേണ്ടിവരും. സാധാരണയായി മൊഴി നൽകുവാനായിട്ടാവും നോട്ടീസ് നൽകി വിളിപ്പിക്കുക. വേണ്ടിവന്നാൽ വിളിച്ചു വരുത്തി അറസ്റ്റും ചെയ്യും. ഇനി നോട്ടീസ് നൽകി ചെല്ലാതിരുന്നാലും അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി പ്രതീക്ഷിക്കാം.
റെയ്ഡിനെത്തുമ്പോൾ പവർ കൂടും
കള്ളപ്പണം ഒളിപ്പിക്കുന്നവരെ കണ്ടെത്തി പിടികൂടാൻ റെയ്‌ഡ് നടത്തിയേ തീരു. വർഷങ്ങൾ കൊണ്ട് രഹസ്യമായി സമ്പാദിച്ച് കൂട്ടിയതൊക്കെ കണ്ടുപിടിക്കാൻ ആളെത്തുമ്പോൾ എതിർപ്പുകൾ സ്വാഭാവികമാണ്. ഇതിനെ നേരിടാനും ഇഡിക്ക് ആവോളം അധികാരങ്ങൾ നൽകിയിട്ടുണ്ട്. സെർച്ച് മെമ്മോയുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡ് ആരംഭിക്കുക. സെർച്ച് മെമ്മോ പരിശോധന നടത്തുന്ന സ്ഥലത്തിന്റെ ഉടമ വായിച്ച് ഒപ്പിട്ട് നൽകണമെന്നാണ് വ്യവസ്ഥ. ഇനി ഒപ്പിട്ട് നൽകിയില്ലെങ്കിലും ഇഡിയ്ക്ക് നിർഭയം ജോലിയിലേക്ക് കടക്കാം. ഇതിനായി ആവശ്യപ്പെട്ടാൽ പൊലീസ് അടക്കമുള്ള ഏത് അന്വേഷണ ഏജൻസിയും ഇഡി പറയും പോലെ സഹകരിക്കാൻ സന്നദ്ധനാവേണ്ടതാണ്. റെയ്ഡിനിടയിൽ കണ്ടെത്തുന്ന വസ്തുക്കൾ ഇഡിക്ക് പിടിച്ചെടുത്ത് കൊണ്ടുപോകാനും, വേണ്ടിവന്നാൽ സ്ഥലത്തുള്ള ഉടമയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുവാനും അധികാരമുണ്ട്.
ഒപ്പിടാം ഇടാതിരിക്കാം
റെയ്ഡ് നടത്തിയ സ്ഥലത്ത് നിന്നും മടങ്ങുമ്പോൾ റെയ്ഡിൽ സംഭവിച്ച കാര്യങ്ങൾ, പിടിച്ചെടുത്ത വസ്തുക്കൾ എന്നിവയുടെ പട്ടിക തയ്യാറാക്കി സ്ഥലം ഉടമയുടെയോ ചുമതലയുള്ളയാളുടേയോ ഒപ്പ് വാങ്ങേണ്ടതാണ്. എന്നാൽ ഇതിൽ ഒപ്പിടാൻ സാധാരണ ഗതിയിൽ ഇഡി നിർബന്ധിക്കാറില്ല. കാരണം ഒപ്പിട്ടില്ലെങ്കിലും ഇഡിയുടെ അന്വേഷണത്തെ അത് ബാധിക്കുന്നില്ല. ഒപ്പിട്ട് നൽകിയില്ലെങ്കിൽ അക്കാര്യം രേഖപ്പെടുത്തി അതിന്റെ പകർപ്പ് നൽകിയിട്ട് ഇഡി മടങ്ങും. സി ആർ പി സി സെക്ഷൻ 100 പ്രകാരം പരിശോധന നടത്തുമ്പോൾ പ്രദേശത്തെ രണ്ടുപേരുടെ സാന്നിദ്ധ്യം ആവശ്യമാണ് എന്നാൽ ഇതും നിർബന്ധമല്ലെന്നും ഓഫീസർമാർ നടത്തുന്ന പരിശോധനയെ വിശ്വാസമാണെന്ന് കോടതികൾ മുമ്പ് വ്യക്തമാക്കിയ സംഭവങ്ങളുമുണ്ട്.
സമയം ഒരു പ്രശ്‌നമേയല്ല
ഇ ഡി റെയ്ഡ് നടത്തുമ്പോൾ അതെത്ര നീണ്ടാലും അതൊന്നും ചോദ്യം ചെയ്യാനാവില്ല. സ്ത്രീകൾ ഉള്ളിടത്ത് പകലേ പരിശോധന ആരംഭിക്കാൻ കഴിയൂ എന്നാണെങ്കിലും വനിത ഉദ്യോഗസ്ഥരുമായി വന്നാൽ എപ്പോൾ വേണമെങ്കിലും റെയിഡ് ആരംഭിക്കാനാവും. റെയ്ഡിനിടയിൽ ഇഡി കണ്ടുകെട്ടുന്ന സാധനങ്ങൾ തിരികെ ലഭിക്കാൻ കോടതി വഴിയേ കഴിയുകയുള്ളു.
കള്ളപ്പണം പിടികൂടാനുള്ള വിദേശ നാണ്യ വിനിമയച്ചട്ട പ്രകാരവും (ഫെമ)യിലും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരവുമാണ് (പി.എം.എൽ.എ.) ഇഡിക്ക് വിശാലമായ അധികാരങ്ങൾ നൽകിയിരിക്കുന്നത്. ഈ അധികാരങ്ങളെ കുറിച്ചുള്ള അജ്ഞതകാരണമാവാം പലപ്പോഴും ഇഡിയെ നിസാരമായി കാണുകയും, റെയ്ഡ് തടസപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നത്. എന്നാൽ ഇതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും.