സ്റ്റോക്ക്ഹോം: പക അത് വീട്ടാനുള്ളതാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബർഗ്. വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും നിലവിലെ അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിന്റെ നിലപാടിനെ പരിഹസിച്ചാണ് ഗ്രെറ്റ തന്റെ മധുര പ്രതികാരം വീട്ടിയിരിക്കുന്നത്. ട്രംപിന്റെ പ്രധാന വിമർശകരിൽ ഒരാളാണ് ഗ്രെറ്റ
മുമ്പ്, തന്നെ വിമർശിക്കാൻ ട്രംപ് ഉപയോഗിച്ച അതേവാക്കുകളാണ് ഗ്രെറ്റ ട്വീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനവധി തനിയ്ക്ക് പ്രതികൂലമായെന്ന് ഏറെക്കുറെ വ്യക്തമായതോടെയാണ് ട്രംപ് വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.
ഇതിനെ വിമർശിച്ചാണ് ഗ്രെറ്റയുടെ ട്വീറ്റ്.‘പരിഹാസ്യം. ഡൊണാൾഡ് തീർച്ചയായും തന്റെ ദേഷ്യം നിയന്ത്രിക്കാൻ പരിശ്രമിക്കണം. അതിനുശേഷം ഒരു സുഹൃത്തിനൊപ്പം ഒരു പഴയ സിനിമ പോയി കാണുക. ചിൽ ഡൊണൾഡ്, ചിൽ’ – ഗ്രെറ്റ ട്വിറ്രറിൽ കുറിച്ചു.
2019 ഡിസംബറിൽ ടൈം മാഗസിന്റെ പഴ്സൻ ഒഫ് ദി ഇയർ ആയി ഗ്രെറ്റയെ തിരഞ്ഞെടുത്തിരുന്നു. അന്ന് അതിനെ പരിഹസിച്ച്, ‘വിഡ്ഢിത്തം. തന്റെ ദേഷ്യം നിയന്ത്രിക്കാനുള്ള എന്തെങ്കിലും കാര്യങ്ങളാണ് ഗ്രെറ്റ ചെയ്യേണ്ടത്. അതിനുശേഷം ഒരു സുഹൃത്തിനൊപ്പം പഴയ ഒരു സിനിമ പോയി കാണുക. ചിൽ ഗ്രെറ്റ, ചിൽ’ – എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. കൃത്യം 11 മാസത്തിന് ശേഷം അതേ നാണയത്തിൽ തിരച്ചടിയ്ക്കാൻ ഗ്രെറ്റയ്ക്ക് സാധിച്ചു.