lady-of-bietikow

ബെർലിൻ: അയ്യായിരം വർഷം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി ജർമ്മൻ ഗവേഷകർ. നവീനശിലായുഗത്തിൽ ജീവിച്ചിരുന്ന സ്ത്രീയുടെ അസ്ഥികൂടമാണിതെന്നാണ് റിപ്പോർട്ടുകൾ. ജർമ്മനിയിലെ ഒരു ഗ്രാമത്തിൽ കാറ്റാടിയന്ത്രം സ്ഥാപിക്കാനായി നടത്തിയ ഖനനത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രാചീനകാലത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ നൽകുന്നതാണ് കണ്ടെത്തലെന്നാണ് പുരാവസ്‍തുശാസ്ത്രജ്ഞർ അസ്ഥികൂടത്തെക്കുറിച്ച് പറയുന്നത്. ലേഡി ഓഫ് ബിയെറ്റികോവ് (Lady of Bietikow) എന്നാണ് സ്ത്രീയ്ക്ക് ഗവേഷകർ നൽകിയിരിക്കുന്ന പേര്. അസ്ഥികൂടം കണ്ടെത്തിയ പ്രദേശത്തിന്റെ പേരാണിത്.

കുത്തിയിരിക്കുന്ന രീതിയിയിലായിരുന്നു അസ്ഥികൂടം. പ്രാചീനകാലത്ത് ഇപ്രകാരം ശവസംസ്കാരം നടത്തിയിരുന്നു. മരണപ്പെടുമ്പോൾ ഇവർക്ക് 30 വയസിനും 45 വയസിനും ഇടയ്‍ക്കായിരുന്നു പ്രായം എന്നാണ് അനുമാനം. ഈ കാലഘട്ടത്തിലാണ് ആസ്ട്രിയ - ഇറ്റലി അതിർത്തിയിലെ മഞ്ഞുമൂടിയ ഓത്‍സാൽ ആൽപ്‍സ്‍ (Ötztal Alps) മേഖലയിൽ എയെട്‍സി (Oetzi) എന്ന മനുഷ്യനും ജീവിച്ചിരുന്നത് എന്നാണ് ഗവേഷകർ പറയുന്നത്.

1991ൽ ആണ് ആൽപ്സിൽ നിന്ന് മഞ്ഞിൽ പുതഞ്ഞ നിലയിൽ എയെട്‍സിയെ കണ്ടെത്തിയത്. മൃതദേഹത്തിന് കാര്യമായ കേടുപാടുകളില്ലായിരുന്നു. അവസാനം കഴിച്ച ഭക്ഷണം എന്താണെന്ന് വരെ കൃത്യമായി കണ്ടെത്താൻ സാധിച്ചു.

എന്നാൽ, ലേഡി ബിയെറ്റിക്കോവിന്റെ അസ്ഥിക്കഷണങ്ങളും തുണിയും മാത്രമാണ് കണ്ടെത്താൻ സാധിച്ചത് കൂടുതൽ വിവരങ്ങളും ഗവേഷകർക്ക് ലഭ്യമായിട്ടില്ല. ധാന്യങ്ങൾ കലർന്നതായിരുന്നു ഇവരുടെ പ്രധാന ഭക്ഷണം എന്ന് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇവരുടെ പല്ലിന്റെ ഇനാമൽ നശിച്ച നിലയിലായിരുന്നു. ധാന്യങ്ങളുള്ള ഭക്ഷണം കഴിച്ചതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.