വാട്സ്ആപ്പ് പേ സേവനത്തിന് ഇന്ത്യയിൽ തുടക്കം
ന്യൂഡൽഹി: ഫേസ്ബുക്കിന് കീഴിലുള്ള പ്രമുഖ ചാറ്റിംഗ് ആപ്ളിക്കേഷനായ വാട്സ്ആപ്പിലൂടെ ഇനി പണവും കൈമാറാം. 'വാട്സ്ആപ്പ് പേ" സേവനത്തിന് ഇന്ത്യയിൽ ഇന്നലെ തുടക്കമായെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗാണ് വ്യക്തമാക്കിയത്. 2018ൽ തന്നെ പേമെന്റ് സേവനത്തിന്റെ പരീക്ഷണം വാട്സ്ആപ്പ് തുടങ്ങിയിരുന്നെങ്കിലും ഇപ്പോഴാണ് നാഷണൽ പേമെന്റ്സ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) അനുമതി ലഭിച്ചത്.
യൂണിഫൈഡ് പേമെന്റ്സ് ഇന്റർഫേസ് (യു.പി.ഐ) അധിഷ്ഠിത സേവനമാണ് വാട്സ്ആപ്പ് നൽകുക. ഇതുപ്രകാരം പണം അയയ്ക്കാനും സ്വീകരിക്കാനും കഴിയും. തുടക്കത്തിന്റെ വാട്സ്ആപ്പിന്റെ രണ്ടുകോടി ഉപഭോക്താക്കൾക്കാണ് സേവനം ലഭ്യമാകുക. ആൻഡ്രോയിഡ്, ഐ.ഒ.എസ് പ്ളാറ്റ്ഫോമുകളിൽ സേവനം ലഭിക്കും.
40 കോടി ഉപഭോക്താക്കളാണ് വാട്സ്ആപ്പിന് ഇന്ത്യയിലുള്ളത്. ഇവരിലേക്കെല്ലാം വൈകാതെ പേമെന്റ് സേവനമെത്തും. അതത് ഉപഭോക്താക്കളുടെ യു.പി.ഐ പിൻ നൽകിയാണ് ഓരോവട്ടവും പണം കൈമാറാൻ സാധിക്കുക. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയുമായി സഹകരിച്ചാണ് ഇന്ത്യയിൽ പ്രവർത്തനം. ആഗോളതലത്തിൽ 160 ബാങ്കുകളുമായി സഹകരണമുണ്ട്. ബ്രസീലാണ് നിലവിൽ വാട്സ്ആപ്പ് പേ സേവനമുള്ള മറ്റൊരു രാജ്യം.
അരങ്ങേറ്റം
വൻ യുദ്ധത്തിന്
ഓൺലൈൻ പേമെന്റ് ആപ്ളിക്കേഷനുകൾക്കിടയിലെ വൻ യുദ്ധത്തിന് വഴിതുറന്നിട്ടാണ് 'വാട്സ്ആപ്പ് പേ"യും ഉപഭോക്താക്കളിലേക്ക് എത്തുന്നത്. പ്രതിമാസം സജീവമായി 10 കോടി ഉപഭോക്താക്കളുള്ള ഫോൺപേ, ആറുകോടിയിലേറെ ഉപഭോക്താക്കളുള്ള ഗൂഗിൾ പേ, പേടിഎം, ആമസോൺ പേ എന്നിവ വിഹരിക്കുന്ന മേഖലയിലേക്കാണ് വാട്സ്ആപ്പ് പേയുടെ ചുവടുവയ്പ്. ഇന്ത്യയിൽ 40 കോടി ഉപഭോക്താക്കളുണ്ടെന്നതാണ് വാട്സ്ആപ്പിന്റെ കരുത്ത്.
₹3.08 ലക്ഷം കോടി
കഴിഞ്ഞമാസം 3.08 ലക്ഷം കോടി രൂപ മതിക്കുന്ന 207 കോടി ഇടപാടുകളാണ് യു.പി.ഐ മുഖേന ഇന്ത്യയിൽ നടന്നത്.
കുത്തക പറ്റില്ല
യു.പി.ഐ പേമെന്റിൽ ഏതെങ്കിലും സ്ഥാപനം കുത്തകമേധാവിത്തം നേടുന്നത് തടയാൻ മൊത്തം പേമെന്റുകളുടെ 30 ശതമാനത്തിനുമേൽ കൈകാര്യം ചെയ്യരുതെന്ന് എൻ.പി.സി.ഐയുടെ ചട്ടമുണ്ട്. ഏതെങ്കിലും സ്ഥാപനത്തിന് 30 ശതമാനത്തിനുമേൽ വിപണി വിഹിതമുണ്ടെങ്കിൽ അത് കുറയ്ക്കണം.
''ഒരു സന്ദേശം അയയ്ക്കുന്നത് പോലെ ലളിതമായി വാട്സ്ആപ്പ് പേയിലൂടെ പണം കൈമാറാം. ഇതിനു ഫീസില്ല. ഇന്ത്യയിൽ സാമ്പത്തിക ഉൾപ്പെടുത്തലിന് (ഫിനാൻഷ്യൽ ഇൻക്ളൂഷൻ) കരുത്തേകാൻ വാ്സ്ആപ്പ് പേയ്ക്ക് കഴിയും""
മാർക്ക് സുക്കർബർഗ്,
സി.ഇ.ഒ, ഫേസ്ബുക്ക്
സംരംഭകർക്ക് നേട്ടം
സംരംഭകർക്ക് ഉത്പന്നങ്ങൾ വില്ക്കാനും പണം നേടാനും വാട്സ്ആപ്പ് പേ സഹായകമാകും. 10 ഇന്ത്യൻ ഭാഷകളിൽ വാട്സ്ആപ്പ് പേ ലഭ്യമാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ പ്ളാറ്റ്ഫോംസിൽ 9.99 ശതമാനം ഓഹരി പങ്കാളിത്തം വാട്സ്ആപ്പിന്റെ ഉടമസ്ഥരായ ഫേസ്ബുക്കിനുണ്ട്.