mumbai-indians

ഈ സീസൺ ഐ.പി.എല്ലിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ ടീമാണ് മുംബയ് ഇന്ത്യൻസ്. ലീഗ് റൗണ്ടിലെ 14 മത്സരങ്ങളിൽ ഒൻപതെണ്ണത്തിലും ജയിച്ച് 18 പോയിന്റുമായി ഒന്നാമതെത്തിയത് അംബാനിയുടെ ടീമായിരുന്നു. സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിലായിരുന്നു ഗ്രൂപ്പ് റൗണ്ടിലെ നാലുമത്സരങ്ങളിൽ ഇറങ്ങിയത്. ആദ്യ ക്വാളിഫയറിൽത്തന്നെ വിജയിച്ച് ഫൈനലിലെത്തുന്ന ആദ്യ ടീമുമായി.

മികച്ച ബാറ്റ്സ്മാന്മാർ,ബൗളർമാർ,ആൾറൗണ്ടേഴ്സ് എന്നിങ്ങനെ എല്ലാഘടകവും ഒത്തിണങ്ങിയതാണ് മുംബയ് ടീം ലൈനപ്പ്. തുടക്കത്തിൽ ഒന്നോ രണ്ടോ വിക്കറ്റുകൾ നഷ്ടമായാലും 15 ഓവർ വരെ റൺറേറ്റ് പ്രതീക്ഷിച്ചപോലെ ഉയർന്നില്ലെങ്കിലും മികച്ച ടോട്ടലിൽത്തന്നെ ഫിനിഷ് ചെയ്യാൻ മുംബയ് ഇന്ത്യൻസിന് കഴിയും. എതിരാളികളെ പവർപ്ളേയിൽ നിയന്ത്രിച്ചുനിറുത്താൻ കഴിയുന്ന രണ്ട് പേസർമാർ - ജസ്പ്രീത് ബുംറയും ,ട്രെന്റ് ബൗൾട്ടും - ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.അവസാന ഓവറുകളിൽ യോക്കറുകൾ എറിയുന്നതിലും ഇവർ മിടുക്കർ. കൂട്ടർനെയ്ലും രാഹുൽ ചഹറും കൂടിച്ചേരുമ്പോൾ ബൗളിംഗ് ചേഞ്ചുകൾ വരുത്താൻ ക്യാപ്ടന് കൂടുതൽ സൗകര്യം. ഫീൽഡിംഗിൽ വലിയ പിഴവുകൾ വരുത്താറുമില്ല.

ഡൽഹി ക്യാപിറ്റൽസിനെതിരെ നടന്ന ആദ്യ ക്വാളിഫയറിൽ മുംബയ് ടീമിന്റെ മി‌കവ് തെളിഞ്ഞുനിന്നിരുന്നു. അബുദാബിയിൽ ആദ്യ ബൗളിംഗ് തിരഞ്ഞെടുത്ത ഡൽഹി ക്യാപ്ടൻ ശ്രേയസ് അയ്യരുടെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലായിരുന്നു ന്യൂബാൾ കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട അശ്വിൻ നൽകിയ തുടക്കം. പക്ഷേ മുംബയ് സടകുടഞ്ഞ് എണീറ്റതോടെ കളിമാറി.

ഈ മത്സരത്തിലെ പ്രധാന കളിത്തിരിവുകൾ ഇവയാണ്

1. രോഹിത് ശർമ്മയെ തുടക്കത്തിൽത്തന്നെ അശ്വിൻ ഡക്കാക്കിയിരുന്നു. വിവാദമായ പരിക്ക് മാറി എത്തിയശേഷമുള്ള തുടർച്ചയായ രണ്ടാം മത്സരത്തിലും ബാറ്റിംഗിൽ മികവ് കാട്ടാൻ മുംബയ് നായകന് കഴിഞ്ഞില്ല. എന്നാൽ ക്വിന്റൺ ഡി കോക്ക് (40) തലയെടുപ്പോടെ നിന്നത് തുണയായി.

2.അർദ്ധസെഞ്ച്വറികൾ നേടിയ സൂര്യകുമാർ യാദവിന്റെയും (51) ഇശാൻ കിഷന്റെയും (55*) പ്രകടനം എടുത്ത് പറയണം. സൂര്യകുമാർ ഡികോക്കിനൊപ്പം 62 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇശാനൊപ്പം നൂറിലെത്തിച്ച ശേഷമായിരുന്നു മടക്കം.

3. അവസാനം വരെ ക്രീസിൽ നിന്ന ഇശാനൊപ്പം ആറാം വിക്കറ്റിൽ ചേർന്ന ഹാർദിക്ക് പാണ്ഡ്യയുടെ (37*)കൂറ്റനടികളാണ് ടീം സ്കോർ 200ലെത്തിച്ചത്.14 പന്തുകളിൽ അഞ്ച് സിക്സുകളാണ് ഹാർദിക്ക് പറത്തിയത്.ഇശാനും ഹാർദിക്കും ചേർന്ന് അവസാന 23 പന്തുകളിൽ അടിച്ചെടുത്തത് 60 റൺസും.

4.ആദ്യ ഓവറിത്തന്നെ പൃഥ്വി ഷായെയും അജിങ്ക്യ രഹാനെയെയും പുറത്താക്കി ബൗൾട്ട് ഇട്ട ബോംബാണ് ഡൽഹിയെ തകർത്തുകളഞ്ഞത്. ഒറ്റ റൺ പോലും നൽകാതെയായിരുന്നു ബൗൾട്ടിന്റെ വിക്കറ്റ് വേട്ട. ഇത്രയും ദാരുണമായ തുടക്കം ഡൽഹിക്ക് ഇതേവരെ നേരിടേണ്ടിവന്നിട്ടില്ല.

5. ബോൾട്ട് നിറുത്തിയേടത്തുനിന്ന് ബുംറ ആക്രമണം തുടങ്ങി.മികച്ചഫോമിലായിരുന്നു ധവാന്റെ തന്റെ ആദ്യഓവറിൽത്തന്നെ ബൗൾഡാക്കി.തുടർന്ന് വഴിക്കുവഴിയെ ശ്രേയസ് അയ്യരെയും സാംസിനെയും സ്റ്റോയ്നിസിനെയും പുറത്താക്കി ഡൽഹിയുടെ നട്ടെല്ലൊടിച്ച് ഒരിക്കൽക്കൂടി മാൻ ഒഫ് ദ മാച്ച് ആവുകയും ചെയ്തു.