വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ പ്രധാനമന്ത്രി ജസിന്ത ആർഡേന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിസഭയിൽ മലയാളിയായ പ്രിയങ്കാ രാധാകൃഷ്ണനുമുണ്ട്. യുവജന ക്ഷേമം, സാമൂഹിക വികസനം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് പ്രിയങ്കക്ക് ലഭിച്ചത്. ന്യൂസിലാൻഡിലെ ആദ്യ ഇന്ത്യൻ മന്ത്രിയാണ് പ്രിയങ്ക. ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ നിന്ന് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത വീണ്ടെടുക്കുന്നത് സംബന്ധിച്ച് ചടങ്ങിൽ ജസിന്ത ഊന്നിപ്പറഞ്ഞു. വീണ്ടും ജനങ്ങൾ തന്നിലേൽപ്പിച്ചത് വലിയ ഉത്തരവാദിത്വമാണ്. ഞങ്ങൾ അത് പൂർണ അർത്ഥത്തിൽ ഉൾക്കൊണ്ട് മുന്നോട്ട് പോവും' പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന് ശേഷം ജസിന്ത പറഞ്ഞു. നവംബർ 25 ന് പാർലമെന്റ് തുറക്കും. ന്യൂസിലൻഡിൽ രണ്ടാംവട്ടവും പ്രധാനമന്ത്രിയായ ജസീന്ത മന്ത്രിസഭയിൽ സ്ത്രീപ്രാതിനിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടിയിരുന്നു ജസീന്തയുടെ ലേബർ പാർട്ടി. 120ൽ 64 സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. 1996ന് ശേഷം ആദ്യമായാണ് ഒരു പാർട്ടി രാജ്യത്ത് ഇത്രയും സീറ്റുകൾ നേടുന്നത്.