ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള സിനിമയാണ് താൻ സംവിധാനം ചെയ്യുന്നതെന്ന ആരോപണത്തിൽ പ്രതികരിച്ച് 'മായകൊട്ടാരം' സംവിധായകൻ. നടൻ റിയാസ് ഖാൻ 'സുരേഷ് കോടാലിപറമ്പൻ' എന്ന കഥാപാത്രമായി എത്തുന്ന, താൻ സംവിധാനം ചെയ്യുന്ന ചിത്രം ആരെയും അപമാനിക്കാനല്ല എന്നും 'ഇവിടെ ആവിഷ്കാര സ്വാതന്ത്ര്യമില്ലേ?' എന്നുമാണ് ചിത്രത്തിന്റെ സംവിധായകൻ കെ.എൻ ബൈജു ചോദിക്കുന്നത്.
ഫേസ്ബുക്കിലൂടെ പുറത്തുവിട്ട ഒരു വീഡിയോയിലൂടെയാണ് സിനിമയുമായി ബന്ധപ്പെട്ട ട്രോളുകളെ കുറിച്ചും ചിത്രത്തെക്കുറിച്ചുള്ള ഫിറോസിന്റെ പ്രതികരണത്തെക്കുറിച്ചും സംവിധായകൻ സംസാരിച്ചത്.
'ലക്ഷങ്ങളും കോടികളും പിരിച്ചെടുത്ത് ചിലർ തനിക്കെതിരെ സിനിമ എടുക്കുകയാണെ'ന്നുള്ള ഫിറോസിന്റെ ആരോപണങ്ങളെയും സംവിധായകൻ തള്ളിയിട്ടുണ്ട്. ഒരാളെ മുറിവേൽപ്പിച്ചിട്ട് തനിക്ക് ഒന്നും സാധിക്കാനില്ലെന്നും താൻ ഒരു നല്ല സിനിമ ചെയ്യാൻ മാത്രമാണ് ഉദ്ദേശിച്ചതെന്നും സംവിധായകൻ വീഡിയോയിലൂടെ പറയുന്നുണ്ട്.
ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്ററും വന്നതോട് കൂടി ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകൾ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിരുന്നു. 'എന്തിനും ഏതിനും ലൈവ് വിഡിയോ ചെയ്യുന്ന നന്മ മരമാകാന്‍ ശ്രമിക്കുന്ന ഒരാളുടെ ജീവിതത്തില്‍ പറ്റുന്ന അബദ്ധങ്ങളാണ് സിനിമയില്‍ പറയുന്നത്' എന്നാണ് ചിത്രത്തെ കുറിച്ച് റിയാസ് ഖാൻ പ്രതികരിച്ചത്.
വീഡിയോ ചുവടെ: