ശ്രീനഗർ: ജമ്മു കാശ്‌മീരിലെ പുൽവാമ ജില്ലയിലെ പാംപോറിലെ ലാൽപോറ മേഖലയിൽ കഴിഞ്ഞ ദിവസം വൈകിട്ട് ആരംഭിച്ച ഏറ്റമുട്ടലിൽ ഒരു ഭീകരൻ കീഴടങ്ങി. മറ്റൊരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഒരു പ്രദേശവാസിക്കും ജീവൻ നഷ്ടമായതായി ജമ്മുകാശ്മീർ പൊലീസ് അറിയിച്ചു.
ഏറ്റുമുട്ടൽ ഇന്നലെ രാത്രി വൈകിയും തുടരുകയാണെന്നാണ് റിപ്പോർട്ട്.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേഖലയിൽ പരിശോധന നടത്താനെത്തിയ സേനയ്ക്ക് നേരെ ഭീകരർ വെടി വയ്ക്കുകയായിരുന്നു.
സേനയും സി.ആർ.പി.എഫും പൊലീസും സംയുക്തമായി ഭീകരർ ഒളിച്ചിരിക്കുന്ന മേഖല പൂർണമായും നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഭീകരർ നടത്തിയ വെടിവയ്പിൽ രണ്ട് പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഗുരുതര നില തരണം ചെയ്തു.