വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ ജനപ്രിയ നേതാവ് നിക്കി ഹേലിക്കെതിരെ രൂക്ഷ വിമർശനവുമായി ജൂനിയർ ട്രംപ്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന പ്രസിഡന്റ് ട്രംപിന്റെ ആരോപണത്തിന് പിന്തുണ നൽകി ഹേലി രംഗത്തുവരാതിരുന്നതാണ് ഡൊണാൾഡ് ജോൺ ട്രംപ് ജൂനിയറിനെ ചൊടിപ്പിച്ചത്.
"ജി.ഒ.പി(ഗ്രാന്റ് ഓൾഡ് പാർട്ടി)യുടെ ഭാവിയെന്ന് അറിയപ്പെടുന്നവർ എവിടെയൊണ്? നിക്കി ഹേലി എന്താണ് ചെയ്യുന്നത്?" ജൂനിയർ ട്രംപ് തന്റെ ട്വീറ്റിൽ ചോദിച്ചു. 2024ൽ റിപ്പബ്ലിക്ക് പാർട്ടിക്ക് ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി ജോ ബെെഡൻ 270 എന്ന മാന്ത്രിക സംഖ്യയിലേക്ക് അടുത്തതോടെയാണ് വോട്ടെണ്ണുന്നതിലെ ക്രമക്കേട് ആരോപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തുവന്നത്. പിന്നാലെ വോട്ടെണ്ണൽ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചു.
"എല്ലാം പെട്ടെന്ന് നിറുത്തി. ഇത് അമേരിക്കൻ ജനങ്ങളെ വഞ്ചിക്കുന്നതാണ്. ഇത് നമ്മുടെ രാജ്യത്തിന് നാണക്കേടാണ്. ഈ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ഞങ്ങൾ ഒരുങ്ങുകയായിരുന്നു. സത്യം പറഞ്ഞാൽ, ഞങ്ങൾ ഈ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഈ രാജ്യത്തിന്റെ നന്മയ്ക്കായി സമഗ്രത ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. നിയമം ശരിയായ രീതിയിൽ നടക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾ യു.എസ് സുപ്രീം കോടതിയിലേക്ക് പോകും." ക്രമക്കേട് ആരോപിച്ച് കൊണ്ട് ട്രംപ് ബുധനാഴ്ച പറഞ്ഞു.
എന്നാൽ തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നതിന് തെളിവില്ലെന്ന് കണ്ടെത്തിയ കോടതി ട്രംപിന്റെ ആരോപണം തള്ളി. ഇതിന് പിന്നാലെയാണ് ജൂനിയർ ട്രംപിന്റെ പ്രതികരണം. റിപ്പബ്ലിക്കൻ പാർട്ടി പതിറ്റാണ്ടുകളായി ദുർബലമാണെന്നും ഈ രീതി മാറ്റണമെന്നും ജൂനിയർ ട്രംപ് പറഞ്ഞു. നിലവിൽ മുൻ വെെസ് പ്രസിഡന്റ് ജോ ബെെഡന് 264 ഇലക്ടറൽ വോട്ടും ഡൊണാൾഡ് ട്രംപിന് 214 വോട്ടുമാണ് ലഭിച്ചിട്ടുള്ളത്.