സുവർണ ജൂബിലി ചിട്ടി സമ്മാന നറുക്കെടുപ്പ് നടന്നു
തൃശൂർ: കെ.എസ്.എഫ്.ഇയുടെ 51-ാം പിറന്നാളാഘോഷവും സുവർണ ജൂബിലി ചിട്ടി-2019നോട് അനുബന്ധിച്ചുള്ള സമ്മാന നറുക്കെടുപ്പും തൃശൂരിലെ ആസ്ഥാനമന്ദിരത്തിൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടന്നു. ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് ഓൺലൈനിലൂടെ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. കൊവിഡ് കാലത്തും 50,000 കോടി രൂപയിലധികം വിറ്റുവരവ് നേടിയ കെ.എസ്.എഫ്.ഇയുടെ പ്രവർത്തനം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു.
മൊബൈൽ ആപ്പ്, കസ്‌റ്റമർ പോർട്ടൽ എന്നിവ ഉടൻ ആരംഭിക്കും. അതുവഴി ചിട്ടികളും വായ്‌പകളും അടയ്ക്കാം. നടപ്പുവർഷം കെ.എസ്.എഫ്.ഇ 100 പുതിയ ശാഖകൾ തുറക്കും. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി 1,000 നിയമനങ്ങൾ പൂർത്തിയാക്കി.
യുവാക്കൾക്കും തിരിച്ചുവരുന്ന പ്രവാസികൾക്കും ജോലി നൽകുക എന്ന ലക്ഷ്യത്തോടെ 3,000 പുതിയ ബിസിനസ് പ്രമോട്ടർമാരെ കമ്മിഷൻ വ്യവസ്ഥയിൽ കരാറടിസ്ഥാനത്തിൽ സെയിൽസ് അസോസിയേറ്റ്‌സായി നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കെ.എസ്.എഫ്.ഇ ചെയർമാൻ അഡ്വ. പീലിപ്പീസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
മാനേജിംഗ് ഡയറക്‌ടർ വി.പി. സുബ്രഹ്മണ്യൻ, ഡെപ്യൂട്ടി ജനറൽ മാനേജർ എ. പ്രമോദൻ, ഡയറക്‌ടർമാരായ അഡ്വ.വി.കെ. പ്രസാദ്, അഡ്വ.റെജി സക്കറിയ, ട്രേഡ് യൂണിയൻ പ്രതിനിധികളായ എസ്. മുരളീകൃഷ്‌ണ പിള്ള, ജി. തോമസ് പണിക്കർ, എൻ.എ. മൻസൂർ, വിൻസൻ ജോസ് എന്നിവർ സംസാരിച്ചു. തൃശൂർ പ്രസ് ക്ളബ്ബ് പ്രസിഡന്റ് പ്രഭാത്, ചിത്രകാരി കവിതാ ബാലകൃഷ്‌ണൻ, അഡ്വ.കെ. സുനിൽകുമാർ, ഇടപാടുകാരുടെ പ്രതിനിധി കെ. സതീഷ് കുമാർ, കൗൺസിലർ കെ.കെ. മഹേഷ് എന്നിവർ നറുക്കെടുപ്പിന് മേൽനോട്ടം വഹിച്ചു.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പാണ് ഡെപ്യൂട്ടി ഡയറക്‌ടർ പി.എം. നൗഷാദിന്റെ നേതൃത്വത്തിൽ നറുക്കെടുപ്പ് നടത്തിയത്. ഒന്നാം സമ്മാനമായ 50 പവൻ സ്വർണം വെഞ്ഞാറമൂട് ശാഖയിലെ ഇടപാടുകാരനായ എസ്. ഷമീറിന് ലഭിച്ചു.