തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രധാനമായും ഉറ്റുനോക്കുന്നത് മദ്ധ്യതിരുവിതാംകൂറിലേക്കാണ്. കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം ഇടതിന് നേട്ടമാക്കുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. പിന്നാലെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാക്കുന്നതായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് ഫലം. പാർട്ടി പ്രതീക്ഷകൾ പങ്കുവച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് 'ഫ്ളാഷി"നോട് സംസാരിക്കുന്നു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് കഴിഞ്ഞു. മറ്റൊരു മുന്നണിയുടെ ഭാഗമായി പുതിയ മുഖത്തിൽ മത്സരിക്കുകയാണ്. എന്തൊക്കെയാണ് പ്രതീക്ഷകൾ?
ഞങ്ങളുടെ മുന്നണി മാറ്റത്തിലൂടെ കേരള രാഷ്ട്രീയത്തിൽ തന്നെ വലിയൊരു മാറ്റമുണ്ടാകും. അത് വ്യക്തമാകുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്. മദ്ധ്യതിരുവിതാംകൂർ മേഖലയിൽ ഞങ്ങളുടെ ബലത്തിലാണ് കോൺഗ്രസ് എപ്പോഴും ജയിച്ച് കൊണ്ടിരുന്നത്. എല്ലാ സീറ്രുമെന്ന് ഞാൻ പറയുന്നില്ല. പക്ഷേ ഭൂരിപക്ഷം സീറ്റുകളിലും അങ്ങനെയായിരുന്നു. ആ വോട്ടുകളെല്ലാം വലതു മുന്നണിയിൽ നിന്ന് മാറുന്നതോടെ മദ്ധ്യതിരുവിതാംകൂർ മേഖലയിലെ ജില്ലാ പഞ്ചായത്തുകളിലും പഞ്ചായത്തുകളിലും വോട്ടു നിലയിൽ വലിയ വ്യതിയാനമാണ് സംഭവിക്കാൻ പോകുന്നത്. അതിന്റെ ഇംപാക്‌ട് വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടാകും.
ജോസ് വിഭാഗത്തിന് നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പുളള ഡ്രസ് റിഹേഴ്സലാണോ ഈ തിരഞ്ഞെടുപ്പ്?
തീർച്ചയായിട്ടും. വിജയത്തിൽ കുറഞ്ഞൊന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
പരമ്പരാഗതമായി കേരള കോൺഗ്രസുകാർ സി.പി.എം വിരോധികളാണ്. അതുകൊണ്ട് തന്നെ ആ വോട്ടുകൾ നിങ്ങൾക്കൊപ്പം ഉണ്ടാകുമെന്ന് കരുതാനാകുമോ?
അങ്ങനെയൊരു വിരോധം സി.പി.എമ്മിനോട് ഞങ്ങൾക്കില്ല. എൺപതുകളിൽ ഞങ്ങൾ ആന്റണി കോൺഗ്രസിനൊപ്പം ഇടതുമുന്നണിയിൽ നിന്നവരാണ്. പാർട്ടി എവിടെയാണോ നിൽക്കുന്നത് അവിടെ കേരള കോൺഗ്രസ് വോട്ടുകൾ പെട്ടിയിൽ വീണിരിക്കും. ഞങ്ങൾ മുന്നണി വിട്ട് പുറത്തു വന്നവരല്ല. ഞങ്ങളെ പുറത്താക്കിയതാണ്. പുറത്താക്കിയതിന്റെ വാശി കേരളകോൺഗ്രസിനെ സ്നേഹിക്കുന്നവർക്ക് ഇടയിലുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട വിഷയത്തിലാണ് കേരള കോൺഗ്രസ് എം മുന്നണിക്ക് പുറത്താകുന്നത്. അവിടെ ഇത്തവണ വിജയിക്കുമോ?
നൂറു ശതമാനം വിജയിക്കും. അതിൽ യാതൊരു സംശയവും വേണ്ട. കോട്ടയം ജില്ലാ പഞ്ചായത്തിൽ മാത്രമല്ല എറണാകുളം, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിൽ എല്ലാം പാർട്ടി വലിയ മുന്നേറ്റമുണ്ടാക്കും. അവിടെയൊന്നും ജോസഫിന് സ്വാധീനമില്ല.
ഇടുക്കിയിൽ ജോസഫിനല്ലേ സ്വാധീനം?
തൊടുപുഴയിൽ ജോസഫിന് ഗുണം ചെയ്യും. അല്ലാതെ ഇടുക്കിയിൽ ജോസഫ് ഒരു ചലനവുമുണ്ടാക്കാൻ പോകുന്നില്ല. ഞങ്ങളുടേത് അടിത്തറയുളള പാർട്ടിയാണ്. അവർക്ക് മത്സരിക്കാൻ പലയിടത്തും സ്ഥാനാർത്ഥികളില്ല. ഞങ്ങളുടേ മേഖലകളിൽ ഭൂരിപക്ഷം സ്ഥലങ്ങളിലും കോൺഗ്രസിൽ നിന്ന് ആളെ പിടിച്ചാണ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയാക്കുന്നത്.
മുന്നണിമാറ്റത്തിന് ശേഷം ജോസഫിനൊപ്പം ഒരുപാട് നേതാക്കന്മാർ പോകുന്നുണ്ട്. ഇനിയും അതുണ്ടാകുമോ?
ജോയ് എബ്രഹാം ഞങ്ങളെ വിട്ടുപോയി. പക്ഷേ അദ്ദേഹത്തിന്റെ വാർഡിലുളള ഒരാൾ പോലും ജോസഫിലേക്ക് പോയില്ല. കുറേ നേതാക്കന്മാരെ കൊണ്ടുപോകുന്നുവെന്നല്ലാതെ പ്രവർത്തകരെല്ലാം ജോസ് വിഭാഗത്തിനൊപ്പമാണ്.
എൽ.ഡി.എഫിനെതിരെ വലിയ ജനരോഷം കേരളത്തിലുണ്ട്. ലൈഫ് മിഷൻ, സ്വർണക്കടത്ത്, മയക്കുമരുന്ന് കേസ് എന്നിങ്ങനെയുളള വിഷയങ്ങളിലെ ഭരണവിരുദ്ധ തരംഗം തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?
പഞ്ചായത്ത് തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് ഇതൊന്നും വിഷയമാകില്ല. രാഷ്ട്രീയം ചർച്ചയാകില്ല. ഈ ആരോപണങ്ങളെല്ലാം സർക്കാരിനെ താഴെയിറക്കാൻ സൃഷ്‌ടിക്കപ്പെട്ടതാണെന്നാണ് ഞങ്ങളുടെ പ്രവർത്തകർക്കിടയിലെ വികാരം. ഇവിടെ അന്വേഷണം തുടങ്ങിയിട്ട് കുറേ നാളായല്ലോ. ജനങ്ങളുമായി ബന്ധമുളള നല്ലൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ മതി.
അത് സമ്മതിച്ചു. പക്ഷേ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും രാഷ്ട്രീയം ചർച്ചയാകില്ലേ?
അസംബ്ലി തിരഞ്ഞെടുപ്പിൽ രാഷ്ട്രീയം ചർച്ചയാകും. പക്ഷേ, അവിടെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനം ആയിരിക്കും ഉണ്ടാകാൻ പോവുക. പിന്നെ ആ സമയം ആകുമ്പോഴേക്കും കോൺഗ്രസിൽ അടിയും ബഹളവും തുടങ്ങും. പിന്നെ എൽ.ഡി.എഫ് ചെയ്‌ത ഒട്ടനവധി നല്ല കാര്യങ്ങളുണ്ട്. മുന്നാക്കക്കാരുടെ സാമ്പത്തിക സംവരണവും കർഷക നയങ്ങളുമെല്ലാം ഇടതു മുന്നണിക്ക് ഗുണം ചെയ്യും. മാണി സാറും എൻ.എസ്.എസുമൊക്കെ എത്രയോ വർഷമായി സാമ്പത്തിക സംവരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതാണ്. മുസ്ലിം സമുദായത്തിൽപ്പെട്ടവർക്ക് ആശങ്കയുണ്ട്. എന്നാൽ, അവരെ മുന്നാക്ക സംവരണം ഒരു തരത്തിലും ബാധിക്കില്ല. വലിയൊരു സാമൂഹ്യ പരിഷ്‌കരണമാണിത്. അതിന്റെ നേട്ടമുണ്ടാകും.
രണ്ട് ദിവസം മുമ്പുളള പി.ജെ. ജോസഫിന്റെ പ്രസംഗം വലിയ രീതിയിൽ ചർച്ചയായിരുന്നു. പാലായിൽ ജോസ് കെ. മാണി മത്സരിക്കില്ല. പകരം ഇടുക്കിയിൽ നിന്ന് റോഷി അങ്ങോട്ടേക്ക് വരും. ജോസ് കടുത്തുരുത്തിയിലേക്ക് പോകും എന്നൊക്കെയാണ്. ഇതിൽ എന്തെങ്കിലും വാസ്‌തവമുണ്ടോ?
അദ്ദേഹത്തിന്റെ പ്രസ്‌താവന ഞാൻ വായിച്ചിരുന്നു. ഒരു പത്ത് സീറ്റ് കൂടെ ഞങ്ങൾക്കുണ്ട്. അതു കൂടെ അദ്ദേഹം തീരുമാനിച്ചാൽ ഞങ്ങൾക്ക് എളുപ്പമായല്ലോ എന്നാണ് ഞാൻ ചിന്തിച്ചത്. എന്ത് അനൗചിത്യമായാണ് അദ്ദേഹം ഓരോന്നും പറയുന്നത്. റോഷി അഗസ്റ്റിൻ കോട്ടയത്തേക്ക് പോകുന്നുവെന്ന് പറഞ്ഞുപരത്തി പുളളിക്ക് ആ സീറ്റ് പിടിക്കാനുളള പരിപാടിയാണ് ഇതൊക്കെ. അദ്ദേഹം വലിയ അഭ്യാസിയാണ്. ദുരുദ്ദേശ്യം വച്ച് അടിക്കുന്ന സാധനമാണ് ഇതൊക്കെ. ഇതൊന്നും ഇവിടെ ചെലവാകില്ല. ഈ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരള കോൺഗ്രസ് ജോസഫ് വിഭാഗം അഞ്ചായി പിളരും. കോതമംഗലം സീറ്റിൽ തന്നെ അഞ്ച് പേർക്കാണ് സീറ്റ് നൽകാമെന്ന് പറഞ്ഞാണ് ജോസഫ് പറ്റിച്ചിരിക്കുന്നത്. ആരെയും പറ്റിക്കാൻ ഞങ്ങളില്ല. കാരണം ഞങ്ങളുടെ കൈയിൽ അത്രയും സീറ്റുകളില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റുകളിൽ എൽ.ഡി.എഫുമായി ധാരണയായിട്ടുണ്ടോ?
പ്രാദേശികഘടകങ്ങളുമായി ചർച്ച നടന്നുകൊണ്ടിരിക്കുകയാണ്.
സി.പി.എം അണികൾക്ക് നിങ്ങളെ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടോ?
അവർക്ക് വലിയ സന്തോഷമാണ്. ഞങ്ങളെ ഹൃദയപൂർവമാണ് സ്വീകരിക്കുന്നത്. ഞങ്ങളുടെ വരവ് അവർ പ്രതീക്ഷിച്ചിരുന്നത് പോലെയാണ്.
സി.പി.എമ്മിന്റെ അണികളാണ് ബാർക്കോഴ കേസിൽ അടികൊണ്ട് സമരം നടത്തി രക്തം വാർന്നവർ.
ബാർക്കോഴ കേസ് ഉണ്ടാക്കിയത് കോൺഗ്രസാണ്. അതിൽ ഒരു സത്യവുമില്ല. എന്റെ കൈയിൽ മുഴുവൻ രേഖകളുമുണ്ട്. എൽ.ഡി.എഫിൽ പോയി മാണി സാർ മുഖ്യമന്ത്രിയാകുമെന്ന് ആരോ എവിടെയോ പറഞ്ഞത് കേട്ടുകൊണ്ട് ഉണ്ടാക്കിയ കളള കേസാണത്. ബിജു രമേശ് ആണല്ലോ ഈ ആരോപണങ്ങളൊക്കെ ഉന്നയിച്ചത്. രമേശ് ചെന്നിത്തലയുടെ ഓഫീസിൽ പണം എത്തിച്ച് കൊടുത്തുവെന്നാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്. അത് അന്വേഷിക്കണം.
അദ്ധ്വാന വർഗ സിദ്ധാന്തവും ഇടതുപക്ഷ ആശയവും ഒരുമിച്ച് പോകുമോ?
രണ്ടും തമ്മിൽ ഒരു സംഘർഷവുമില്ല. ഇടത്തരം കൃഷിക്കാരെ കൂടി ഉൾപ്പെടുത്തുന്ന ഒരു സംവിധാനമാണ് അദ്ധ്വാന വർഗ സിദ്ധാന്തം. ഞങ്ങൾ തമ്മിൽ വിയോജിക്കേണ്ട ആവശ്യമില്ല.