smart-helmet

അബുദാബി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്മാർട്ട് ഹെൽമറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് യു.എ.ഇ പൊലീസ്.ആളുകളുടെ അടുത്തു ചെല്ലാതെ തന്നെ ശരീരോഷ്മാവ് അളക്കുന്നതിനുള്ള തെർമൽ സ്‌കാനർ സംവിധാനത്തോടു കൂടിയുള്ളതാണ് കെ.സി എൻ 901 സ്മാർട്ട് ഹെൽമറ്റുകൾ.

ശരീരോഷ്മാവ് അഞ്ചു മീറ്റർ അകലെ നിന്നു പോലും അളക്കാനും കൊവിഡ് സാദ്ധ്യത തിരിച്ചറിയാനും ഹെൽമെറ്റിലൂടെ സാധിക്കും. യു.എ.ഇ ഡിപി വേൾഡിലെ സുരക്ഷാ ഉപകരണ നിർമ്മാതാക്കളായ വേൾഡ് സെക്യൂരിറ്റി ഡിസൈൻ ചെയ്തിരിക്കുന്ന ഈ ഹെൽമെറ്റ് തെർമൽ റേഡിയേഷൻ അടിസ്ഥാനമാക്കിയുള്ള സ്മാർട്ട് ടെക്‌നോളജി ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ആൾക്കൂട്ടത്തിൽ ആർക്കെങ്കിലും നല്ല പനിയുണ്ടെങ്കിൽ ഹെൽമെറ്റ് ധരിക്കുന്ന പൊലീസുകാർക്ക് ഓട്ടോമാറ്റിക്കായി സന്ദേശം ലഭിക്കുന്ന രീതിയിലാണ് ഹെൽമറ്റ് നി‌ർമ്മിച്ചിരിക്കുന്നത്. നൈറ്റ് വിഷൻ സൗകര്യം, വൈഫൈ, ഇന്റർനെറ്റ്, ബ്ലൂടൂത്ത് എന്നീ സംവിധാനങ്ങളും ഇതിലുണ്ട്.

ദുബായ് സിലിക്കൺ ഒയാസിസ് അതോറിറ്റി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ തങ്ങളുടെ സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് സ്മാര്‍ട്ട് ഹെൽമറ്റ് ലഭ്യമാക്കിയിട്ടുണ്ട്.