മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അടുത്ത വർഷം സ്ഥാനമൊഴിയുമെന്ന് അഭ്യൂഹം. പുടിന് പാർക്കിൻസൺസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് സ്ഥാനത്ത് നിന്നും ഒഴിയുന്നതെന്ന് ഒരു ബ്രിട്ടീഷ് മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു. സ്ഥാനമൊഴിയാൻ 68കാരനായ പുടിന്റെ രണ്ട് പെൺമക്കളും 37കാരിയായ കാമുകി അലീന കബേവയും നിർബന്ധം ചെലുത്തുന്നുവെന്നും തുടർന്നാണ് തീരുമാനമെന്നുമാണ് വിവരം.
അടുത്ത വർഷം ജനുവരിയിൽ പുടിൻ ഔദ്യോഗികമായി ജനങ്ങളെ ഇക്കാര്യം അറിയിക്കുമെന്ന് മോസ്കോയിലെ രാഷ്ട്രിയ നിരീക്ഷകൻ വലേറി സോളോവെയ് പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പുടിന് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും വലേറി പറയുന്നു. പുടിന് ഏറെ നേരം നിൽക്കുമ്പോഴും കസേരയിൽ ഇരിക്കുമ്പോൾ കൈകളിലും വേദന ഉണ്ടെന്നും നടക്കുമ്പോൾ വിറയൽ ഉള്ളതായും പേന പിടിക്കുമ്പോൾ വിരലുകളിൽ വേദന അനുഭവപ്പെടുന്നുണ്ടെന്നും വലേറി സൂചിപ്പിക്കുന്നു. തന്റെ പിൻഗാമിയെ പുടിൻ തന്നെ തിരഞ്ഞെടുക്കുമെന്നും വലേറി പറഞ്ഞു.
അതേ സമയം, പുടിനെ സംബന്ധിച്ച് പുറത്തുവന്ന വാർത്തകളെല്ലാം തള്ളി റഷ്യൻ ഭരണകൂടം രംഗത്തെത്തിയിട്ടുണ്ട്. പുടിൻ ആരോഗ്യവാനാണെന്നും പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്നും റഷ്യൻ സർക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആണ് അറിയിച്ചത്. മുൻ പ്രസിഡന്റുമാർക്ക് ക്രിമിനൽ പ്രോസിക്യൂഷൻ നടപടികളിൽ നിന്നും ജീവിതകാലം മുഴുവൻ പരിരക്ഷ നൽകുന്ന നിയമനിർമാണത്തിന്റെ ചർച്ചകൾ റഷ്യയിൽ സജീവമായി നടക്കുന്നതിനിടെയാണ് അഭ്യൂഹങ്ങൾ തലപൊക്കിയിരിക്കുന്നത്.