തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾ വഴി ഗ്രാമീണ മേഖലയുടെ വികസനമാണ് കേരള ബാങ്കിന്റെ ലക്ഷ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി പ്രാഥമിക സഹകരണ സംഘങ്ങളെ ബഹുമുഖ സേവനകേന്ദ്രങ്ങളാക്കാനുള്ള പ്രത്യേക പുനർവായ്‌പാ പദ്ധതി നബാർഡിന്റെ ധനസഹായത്തോടെ കേരള ബാങ്ക് വഴി നടപ്പാക്കും.
പദ്ധതിയുടെ വിശദാംശങ്ങളുള്ള കൈപ്പുസ്‌തകം കേരള ബാങ്ക് ചെയർപേഴ്‌സണും സഹകരണ വകുപ്പ് സെക്രട്ടറിയുമായ മിനി ആന്റണിക്ക് നൽകി പ്രകാശനം ചെയ്യുകയായിരുന്നു മന്ത്രി. നാലു ശതമാനമാണ് ഈ ദീർഘകാല വായ്‌പയുടെ പലിശനിരക്ക്. സംഘങ്ങൾക്ക് 50 ലക്ഷം മുതൽ അഞ്ചുകോടി രൂപവരെ ലഭിക്കും.
തദ്ദേശീയ കാർഷിക വിളകളുടെ സംഭരണം, സംസ്കരണം, വിപണനം, വിനിമയം, മൂല്യവർദ്ധിത സംരംഭങ്ങൾ എന്നിവയ്ക്ക് വായ്‌പ ഉപയോഗിക്കാം. മൂന്നുവർഷത്തിനകം 600 പ്രാഥമിക സംഘങ്ങളുടെ വികസനമാണ് ലക്ഷ്യം. ആധുനിക അഗ്രോ ഗ്രോത്ത് സ്‌റ്റോറേജ് സെന്റർ, കോൾഡ് സ്‌റ്റോറേജ്, പ്രോസസിംഗ് കേന്ദ്രം, അഗ്രി ഇൻഫർമേഷൻ സെന്റർ തുടങ്ങിയവയ്ക്ക് വായ്പ നേടാം.
സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്‌ണൻ നായർ, സഹകരണവകുപ്പ് രജിസ്‌ട്രാർ നരസിംഹുഗാരി ടി.എൽ. റെഡ്ഡി, കേരള ഡെപ്പോസിറ്റ് ഗ്യാരന്റി ഫണ്ട് ബോർഡ് വൈസ് ചെയർമാൻ പി. ഹരീന്ദ്രൻ, കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, സി.ജി.എം കെ.സി. സഹദേവൻ എന്നിവർ സംബന്ധിച്ചു.