വാഷിംഗ്ടൺ: തിരഞ്ഞെടുപ്പ് വിജയത്തിനായി ക്ഷമയോടെ കാത്തിരിക്കാൻ ഇന്നലെയും അണികളെ ആഹ്വാനം ചെയ്ത ബൈഡന്റെ സമചിത്തത എടുത്തു കാട്ടിയ അമേരിക്കൻ മാദ്ധ്യമങ്ങൾ ട്രംപിന്റെ കള്ളത്തരങ്ങൾ പൊളിച്ചടുക്കി ലൈവ് സംപ്രേക്ഷണം നിറുത്തി. വ്യാഴാഴ്ച രാത്രി വൈറ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേ തന്റെ വിജയം അട്ടിമറിക്കാൻ വിവിധ സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ ഗൂഢാലോചന നടത്തിയെന്നും വോട്ടെണ്ണലിൽ തിരിമറി കാട്ടിയെന്നും വ്യാജ ബാലറ്റുകൾ ഉപയോഗിച്ചെന്നും ഗൂഢാലോചനയ്‌ക്ക് മാദ്ധ്യമങ്ങൾക്ക് പങ്കുണ്ടെന്നും അദ്ദേഹം ആക്ഷേപിച്ചു. യാതൊരു തെളിവും നിരത്താതെയായിരുന്നു ട്രംപിന്റെ ആക്രോശങ്ങൾ. അതോടെ പല ചാനലുകളും ലൈവ് സംപ്രേക്ഷണം നിറുത്തി. അമേരിക്കൻ പ്രസിഡന്റിന്റെ പ്രസംഗത്തിൽ ഇടപെടുക മാത്രമല്ല, അദ്ദേഹത്തെ തിരുത്തുകയുമാണെന്ന് അവതാരകൻ പറഞ്ഞുകൊണ്ടാണ് എം.എസ്.എൻ.ബി.സി ചാനൽ ലൈവ് നിറുത്തിയത്. എൻ.ബി.സി, എ.ബി.സി ന്യൂസ് ചാനലുകളും പൊടുന്നനെ ലൈവ് നിറുത്തി.