brucellosis

ബെയ്‌ജിംഗ്: ചെെനയിലെ വുഹാൻ നഗരത്തിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കൊവിഡ് വെെറസ് ലോക ജനതയെ തന്നെ കഷ്ടത്തിലാഴ്ത്തിയിരുന്നു. ചെെനയുടെ നിരുത്തരവാദപരമായ നടപടിയാണ് വെെറസ് ലോകം മുഴുവൻ പടരാൻ കാരണമെന്ന് ആരോപിച്ച് വിവിധ രാജ്യങ്ങൾ ചെെനയ്ക്കെതിരെ രംഗത്തുവരികയും ചെയ്തിരുന്നു.വുഹാനിലെ ലാബിൽ നിന്നുമാണ് വെെറസ് പുറത്തുചാടിയതെന്ന ആരോപണവും ഉയർന്നിരുന്നു. കൊവിഡ് കെട്ടടങ്ങി വരുന്നതിനിടെയാണ് ചെെനയിൽ പുതിയ രോഗം വ്യാപിക്കുന്നതായി അന്താരാഷ്ട്ര മാദ്ധ്യമമായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

ബ്രൂസെല്ലോസിസ് എന്ന പുതിയ രോഗമാണ് ചെെനയിൽ ആറായിരത്തിലേറെ പേർക്ക് സ്ഥിരീകരിച്ചത്. 55,725 പേരിൽ നടത്തിയ പരിശോധനയിലാണ് 6620 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയത്. രോഗം ബാധിച്ച മൃഗങ്ങളുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നതിനാലാണ് മനുഷ്യർക്ക് ബ്രൂസെല്ലോസിസ് വരുന്നത്. മൃഗങ്ങളുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്നതിലൂടെയും രോഗം ബാധിക്കാമെന്നും ഇത് മാറാവ്യാധിയായി തുടർന്നേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിപ്പ് നൽകി.

ചൈന അനിമൽ ഹസ്ബൻഡറി ഇൻഡസ്ട്രിസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു ബയോഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് ഈ രോഗം ഉത്ഭവിച്ചതെന്ന് ലാൻ‌ഷോയു ആരോഗ്യ കമ്മിഷൻ പറഞ്ഞു. ബ്രൂസെല്ലോസിസിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമം കഴിഞ്ഞ നവംബറിൽ ചെെന ഉപേക്ഷിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.