ipl

ബാംഗ്ളൂരിനെ എലിമിനേറ്ററിൽ പുകച്ചുപുറത്താക്കി സൺറൈസേഴ്സ് ഹൈദരാബാദ്

ഫൈനലിൽ ഇടം തേടി ഹൈദരാബാദ് നാളെ രണ്ടാം ക്വാളിഫയറിൽ ഡൽഹിയെ നേരിടും

ബാംഗ്ളൂർ ഉയർത്തിയത് 131/7,രണ്ട് പന്തു ബാക്കിനിൽക്കെ ഹൈദരാബാദ് ജയം

ആൾറൗണ്ട് മികവുമായി ജാസൺ ഹോൾഡർ ഹൈദരാബാദിന്റെ വിജയശിൽപ്പി

അബുദാബി​ : ബാറ്റിംഗ് ദുഷ്കരമായ അബുദാബിയിലെ പിച്ചിൽ 131/7 എന്ന ദുർബലമായ സ്കോർ ഉയർത്തിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ഫൈനൽ കാണാതെ മടങ്ങി. ഇന്നലെ എലിമിനേറ്റർ മത്സരത്തിലെ ചേസിംഗിൽ ഇടയ്ക്കൊന്ന് പതറിയെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിന് വേണ്ടി കിവീസ് നായകൻ കേൻ വില്യംസണും(50*), വിൻഡീസ് നായകൻ ജാസൺ ഹോൾഡറും (24*) ഒന്നിച്ചുനിന്ന് രണ്ട് പന്തുകൾശേഷിക്കേ ആറുവിക്കറ്റ് വിജയം കൊത്തിയെടുക്കുകയായിരുന്നു.മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ ഹോൾഡറാണ് ബാംഗ്ളൂർ ബാറ്റിംഗിനെ തകർത്തതും. ഇനി ഫൈനലിലേക്കുള്ള ബർത്ത് തേടി നാളെ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ സൺറൈസേഴ്സ് ഡൽഹി ക്യാപ്പിറ്റൽസിനെ നേരിടും.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജാസൺ ഹോൾഡറും രണ്ട് വിക്കറ്റ് വീഴ്ത്തിയ നടരാജനും വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും റണ്ണൊഴുക്ക് തടഞ്ഞ സന്ദീപ് ശർമ്മയും (നാലോവറിൽ 21 റൺസ്),റാഷിദ് ഖാനും (നാലോവറിൽ 25 റൺസ്) ചേർന്നാണ് ബാംഗ്ളൂരിനെ നിയന്ത്രിച്ചു നിറുത്തിയത്. കൊഹ്‌ലിയും (6), ദേവ്ദത്തും (1) നിരാശപ്പെടുത്തിയപ്പോൾ അർദ്ധസെഞ്ച്വറി നേടിയ എ.ബി ഡിവില്ലിയേഴ്സും (56) ആരോൺ ഫിഞ്ചുമാണ് (32) ഈ സ്കോറെങ്കിലും നേടാൻ പ്രാപ്തരാക്കിയത്.

ടോസ് നേടിയ സൺറൈസേഴ്സ് ക്യാപ്ടൻ ഡേവിഡ് വാർണർ കൊഹ്‌ലിപ്പടയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. നിർണായക മത്സരത്തിൽ ഓപ്പണറായിത്തന്നെ ഇറങ്ങാനുള്ള കൊഹ്‌ലിയു‌ടെ തീരുമാനം പക്ഷേ തെറ്റിപ്പോയി. ബാംഗ്ളൂരിന്റെ ഓപ്പണർമാർ ഇരുവരും പുറത്താകുമ്പോൾ സ്കോർ ബോർഡിൽ എത്തിയിരുന്നത് വെറും 15 റൺസായിരുന്നു.

കരീബിയൻ പേസർ ജാസൺ ഹോൾഡറാണ് വിരാടിനെയും ,ദേവ്ദത്ത് പടിക്കലിനെയും പുറത്താക്കിയത്. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ വിരാടിനെ കീപ്പർ ഗോസ്വാമിയുടെ കയ്യിലെത്തിച്ച ഹോൾഡർ നാലാം ഓവറിന്റെ മൂന്നാം പന്തിലാണ് ദേവ്ദത്തിനെ മടക്കി അയച്ചത്. ചാടിഉയർന്നെടുത്ത നല്ലൊരു ക്യാച്ചിലൂടെ പ്രിയം ഗാർഗാണ് മലയാളി താരത്തിന് റ്റാറ്റാ പറഞ്ഞത്.

തുടർന്ന് ക്രീസിൽ ഒരുമിച്ച ആരോൺ ഫിഞ്ചും ഡിവില്ലയേഴ്സും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി.എന്നാൽ പത്താം ഓവറിൽ ഫിഞ്ചിനെ അബ്ദുസമദിന്റെ കൈയിലെത്തിച്ച ഷഹ്ബാസ് നദീം സൺറൈസേഴ്സിന് വീണ്ടും മുൻതൂക്കം നൽകി.30 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സും പായിച്ച ഫിഞ്ച് പുറത്തായതോടെ പിന്നീട് ഡിവില്ലിയേഴ്സിന്റെ ഒറ്റയാൾപോരാട്ടമായി മാറി.

ഡിവില്ലിയേഴ്സിന് പിന്തുണ നൽകാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ കുറച്ചുകൂടി മികച്ച സ്കോറിലേക്ക് ബാംഗ്ളൂർ നീങ്ങിയേനെ. ഫിഞ്ച് പുറത്തായ ശേഷമുള്ള രണ്ടാം പന്തിൽ മൊയീൻ അലി (0) റൺഔട്ടായതായിരുന്ന ഏറെ നിരാശാജനകം.ഫ്രീ ഹിറ്റിൽ മൊയീൻ റൺഔട്ടാവുകയായിരുന്നു.റാഷിദ് ഖാനാണ് ത്രോ ചെയ്തത്.തുടർന്ന് ഡിവില്ലിയേഴ്സ് 100ലേക്ക് അടുപ്പിച്ചെങ്കിലും 99-ൽ വച്ച് ശിവം ദുബെ കൂടാരം കയറി.തന്റെ അടുത്ത സ്പെല്ലിനെത്തിയ ഹോൾഡറിനായിരുന്നു വിക്കറ്റ്.13 പന്തുകൾ നേരിട്ട ദുബെയ്ക്ക് എട്ടു റൺസേ നേടാൻ കഴിഞ്ഞുള്ളൂ.18-ാം ഓവറിൽ നടരാജൻ വാഷിംഗ്ടൺ സുന്ദറിനെയും (5) ഡിവില്ലിയേഴ്സിനെയും പുറത്താക്കിയതോടെ ബാംഗ്ളൂർ 150ലെത്തില്ലെന്ന് ഉറപ്പായി. സുന്ദർ അബ്ദുൽ സമദിന് ക്യാച്ച് നൽകിയപ്പോൾ ഡിവില്ലിയേഴ്സ് നടരാജന്റെ യോർക്കറിൽ ബൗൾഡാവുകയായിരുന്നു.43 പന്തുകൾ നേരിട്ട ഡിവില്ലിയേഴ്സ് അഞ്ചുഫോറുകൾ പായിച്ചു.സെയ്നിയും (9), സിറാജും (10) ചേർന്ന് അവസാന 13പന്തുകളിൽ 18 റൺസെടുത്തു.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ആദ്യ ഓവറിൽത്തന്നെ ഓപ്പണർ ശ്രീവത്സ് ഗോസ്വാമിയെ (0) നഷ്ടമായി.സിറാജിനായിരുന്നു വിക്കറ്റ്.തുടർന്ന് മനീഷ് പാണ്ഡെയ്ക്ക് (24 )ഒപ്പം പോരാട്ടം തുടങ്ങിയ ഡേവിഡ് വാർണറെയും (17) പവർപ്ളേ തീരുംമുന്നേ സി​റാജ് കൂടാരം കയറ്റി​. ഒൻപതാം ഓവറി​ൽ ആദം സാംപ മനീഷി​നെ ഡി​വി​ല്ലി​യേഴ്സി​ന്റെ കയ്യി​ലെത്തി​ച്ചു.12-ാം ഓവറിൽ ചഹൽ പ്രിയം ഗാർഗിനെ (7) സാംപയുടെ കയ്യിലെത്തിച്ചതോടെ സൺ​റൈസേഴ്സ് 67/4 എന്ന നിലയിലായി. തുടർന്ന് വില്യംസൺ ഒരറ്റത്ത് ഉറച്ചുനിന്നത് ഹൈദരാബാദിന്ആശ്വാസമായി.ഹോൾഡറും കൂടിയായതോടെ അവസാനഓവറിൽ വിജയവുമെത്തി.44 പന്തുകൾ നേരിട്ട ഹോൾഡർ രണ്ട് വീതം ഫോറും സിക്സുമടിച്ചപ്പോൾ ഹോൾഡർ മൂന്ന് ബൗണ്ടറികൾ പായിച്ചു.